ഉപ്പച്ചിയുടെ രണ്ടാം കെട്ട്
ഉപ്പച്ചിയുടെ രണ്ടാം കെട്ട്
(ചെറുകഥ)
പ്രഭാതത്തിന്റെ കുളിർമ വിട്ടു അന്തരീക്ഷം ചൂടായി തുടങ്ങി..
ഞായറാഴ്ച ആയതിനാൽ ഞാനും അനിയത്തിയും വീട്ടിൽ തന്നെ ഉണ്ട്, പ്രഭാത ഭക്ഷണം കഴിച്ചു അവധി ദിവസത്തിന്റെ ആലസ്യത്തിൽ ഇരിക്കുകയാണ്,
അപ്പോഴാണ് പുറത്തു ബ്രോക്കർ ആലിക്കയുടെ സൈക്കിളിന്റെ ബെല്ലടി ശബ്ദം, ആലിക്ക ഉപ്പച്ചിയെ പെണ്ണ് കാണിക്കാൻ വേണ്ടി പോകാൻ വന്നതാണ്,
ഇന്ന് ഞങ്ങളുടെ ഉപ്പച്ചിയുടെ ആറാമത്തെ പെണ്ണുകാണൽ ചടങ്ങാണ്, ഉപ്പച്ചി നേരത്തെ തന്നെ റെഡിയായി സിറ്റൗട്ടിൽ ഇരിക്കുന്നുണ്ട്,
"അസ്സലാമു അലൈകും..."
ആലിക്കയുടെ ശബ്ദത്തിൽ അല്പം ഗൗരവം
“വ അലൈകും സലാം..…”
ഉപ്പച്ചി പത്രം താഴെ വെച്ച് എഴുനേറ്റു
"അല്ല ലത്തീഫേ എന്താ നിന്റെ ഉദ്ദേശം?
എന്നെ നാണം കെടുത്തിയെ നീ അടങ്ങു ?“
ആലിക്ക അല്പം കലിപ്പിലാണ്
“ആലിക്ക വാ ഇരിക്ക്” ഉപ്പച്ചി ക്ഷണിച്ചു
"ലത്തീഫേ ഇന്നെങ്കിലും ഒരു തീരുമാനം ആകണം,
അല്ലെങ്കിൽ എന്നെ വിട്ടേക്ക്, പെണ്ണ് കാണാൻ പോയിടത്തു നിന്നെല്ലാം എനിക്ക് ചീത്ത വിളി ആണ്”
“ആലിക്ക നിങ്ങൾ സമാധാനിക്കു... എല്ലാം ഒത്തു വരേണ്ട?”
“ഇനി എന്ത് ഒത്തു വരാൻ ?”
“ആലിക്ക കയറി ഇരിക്ക്.. ഞാൻ മക്കളെ വിളിക്കട്ടെ,”
“മക്കളെ... റെഡിയായോ ... ?
ഉപ്പച്ചി റൂമിൽ വന്നു ചോദിച്ചു
“ഉപ്പച്ചി ഞങ്ങൾ വരണോ?”
എനിക്ക് ഒരു വല്ലായ്ക പോലെ
“വരണം... ഇതുവരെ റെഡിയായില്ലേ ?
വേഗം... ആലിക്കാക്കു തിരക്കുണ്ട്”
അതും പറഞ്ഞു ഉപ്പച്ചി വേഗം പുറത്തേക്കു ഇറങ്ങി, ഉപ്പച്ചിയുടെ ലീവ് കഴിയാറായി അതിന്നു മുൻപ് നികാഹ് കഴിക്കാനാണ് പ്ലാൻ,
ഞാനും അനിയത്തിയും വേഗം ഒരുങ്ങി വണ്ടിയിൽ കയറി,
ഉപ്പച്ചിയും ആലിക്കയും വണ്ടിയിൽ ഇരുന്ന് സംസാരിക്കുന്നുണ്ട്, പെണ്ണ് കാണൽ തന്നെ ആണ് വിഷയം,
ഉപ്പച്ചി തല താഴ്ത്തി മിണ്ടാതെ ഇരിക്കുകയാണ്.
"ഇന്നത്തെ കാലത്തു ആദ്യ വിവാഹത്തിന് തന്നെ പെണ്ണ് കിട്ടാത്ത അവസ്ഥ ആണ്
അപ്പോഴാണ് നിന്റെ ഓരോരോ വിഡ്ഢിത്തരങ്ങൾ…”
അലിക്ക നിറുത്തുന്ന ലക്ഷണം ഇല്ല, ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ഉപ്പച്ചിയുടെ കണ്ണിൽ നനവ് പടർന്നിരിക്കുന്നു.
ഉപ്പച്ചി ഇതെല്ലാം കേൾക്കുന്നതിന് കാരണം എന്താണന്നു അറിയുമോ… ?
അതിനു കാരണക്കാർ ഞങ്ങൾ രണ്ടു മക്കളാണ്,
കഴിഞ്ഞ അഞ്ചു പെണ്ണ് കാണൽ ചടങ്ങിനും എന്നെയും അനിയത്തിയേയും കൂട്ടി തന്നെയാണ് പോയത്,
ഞങ്ങളെ കൊണ്ടുപോകാനുള്ള കാരണം മരിച്ചുപോയ ഞങ്ങളുടെ ഉമ്മച്ചിക്കു പകരമായി മക്കൾക്ക് ഇഷ്ടമായ ഉമ്മച്ചിയെ പോലെ ഒരാളെ കണ്ടത്താനാണ്,
ഞങ്ങൾ രണ്ടു ചെറിയ പെൺകുട്ടികൾ ആയതിനാൽ മരണാസന്ന നിലയിൽ ഉമ്മച്ചി ഉപ്പച്ചിയോട് വസിയ്യത്തു (അന്ത്യാഗ്രഹം) പറഞ്ഞതാണ് മക്കൾക്കു ഒരുമ്മയെ കൊണ്ടുവരണം എന്ന്,
ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങിന് ശേഷം ഉപ്പച്ചി ഞങ്ങളോട് ഇഷ്ടമായോ എന്ന് ചോദിച്ചു,
കാണാൻ ഭംഗിയൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവർ ഉമ്മച്ചിയെ പോലെ ആയിരുന്നില്ല, ഞങ്ങളുടെ അനിഷ്ടം അപ്പോൾ
തന്നെ ഉപ്പച്ചിയെ അറിയിച്ചു,
പിന്നീടുള്ള ഓരോ പെണ്ണുകാണലിലും ഉപ്പച്ചി വണ്ടിയിൽ തന്നെ ഇരുന്നു, ഞങ്ങളെ ആലിക്കാടെ കൂടെ വിടും,
ഞങ്ങൾക്ക് ഇഷ്ടമായെങ്കിൽ മാത്രം ഉപ്പച്ചി കാണാമെന്നു പറഞ്ഞു, ഞങ്ങൾ കണ്ടു തിരിച്ചു വരുമ്പോൾ ഞങ്ങളുടെ മുഖഭാവം കണ്ടാൽ തന്നെ ഒഴിവാക്കും, അങ്ങിനെ അഞ്ചു പെണ്ണുകാണൽ ചടങ്ങും ഉറപ്പിക്കാതെ പോയി,
കണ്ടു കഴിഞ്ഞ ഓരോ സ്ത്രീകൾക്കും പ്രത്യേകിച്ച് കൊഴപ്പം ഒന്നും ഉണ്ടായിട്ടല്ല, എന്നാൽ അവരിൽ ആരും തന്നെ മരിച്ചുപോയ ഞങ്ങളുടെ ഉമ്മച്ചിയുടെ അടുത്ത് പോലും വരുന്നില്ല,
ഞങ്ങളുടെ ഉമ്മച്ചി അത്ര സുന്ദരീ ഒന്നും ആയിരുന്നില്ല,
എന്നാൽ ഞങ്ങളുടെ ഉമ്മച്ചിയുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി അവരിൽ കണ്ടില്ല,
ഞങ്ങളുടെ ഉമ്മച്ചി ധനിക ആയിരുന്നില്ല, എന്നാൽ ഞങ്ങളുടെ ഉമ്മച്ചി സ്നേഹ സമ്പന്ന ആയിരുന്നു,
ആ വാത്സല്യവും തലോടലും സ്നേഹത്തോടെയുള്ള ശകാരവും എല്ലാം ഒത്തിണങ്ങിയ ഒരാളെ കണ്ടത്താൻ ഞങ്ങൾക്കായില്ല,
ഇനിയിപ്പോൾ...
കണ്ടത്താൻ കഴിയുമെന്ന പ്രതീക്ഷയും ഇല്ല..
ഉമ്മാക്ക് പകരം വെക്കാൻ ഈ ലോകത്തു ആരുമില്ല...
മാതാവിന്റെ സ്നേഹം അമ്മിഞ്ഞപാലിൽ ചാലിച്ച ഹൃദയ ബന്ധം ആണ്... അത് മറ്റാരിൽ നിന്നും കിട്ടുകയില്ല
ആ ഒരു തിരിച്ചറിവ് ഒരു വലിയ ദുഃഖ സത്യമായി മനസിലാക്കുന്നു,
അത് കൊണ്ട് ...
ഇനിയും ഉപ്പച്ചിയെ വിഷമിപ്പിക്കുന്നത് ശരിയല്ല,
ഈ ലോകത്തു പകരം വെക്കാൻ കഴിയാത്തതിനെ അന്ന്വേഷിച്ചു നടക്കുന്നത് എത്രമാത്രം ബാലിശമാണ്?
ആ യാഥാർഥ്യം ഒരു പക്ഷെ ഉപ്പച്ചിക്ക് നന്നായി അറിയാമായിരിക്കും,
ഞങ്ങളോട് പറയാതെ തന്നെ അത് ബോധ്യപ്പെടുത്താൻ ആയിരിക്കും ഉപ്പച്ചി പെണ്ണുകാണാൻ ഞങ്ങളെ കൂടി കൊണ്ട് പോകുന്നത്
ഉമ്മച്ചിയുടെ വില മരിച്ചതിനു ശേഷമാണ് ശരിക്കും അറിഞ്ഞത്.
എന്നാൽ....
മക്കൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ വെടിഞ്ഞ ഉപ്പച്ചിയുടെ മഹത്വം ജീവിത കാലത്ത് തന്നെ അറിയാൻ കഴിഞ്ഞു.
ഞാൻ കണ്ണുകൾ തുടച്ചു അനിയത്തിയെ നോക്കി,
അനിയത്തി സുമി വിദൂരതയിലേക്ക് കണ്ണും നട്ട് മൂകമായിരിക്കുകയാണ്, ഉമ്മച്ചിയുടെ വേർപാട് അവളെ വല്ലാതെ ബാധിച്ചിരിക്കുന്നു,
ഉമ്മച്ചിയെ പോലെ ഒരു ഒരാളെ കിട്ടുകയില്ലന്നു അവൾക്കും മനസ്സിലായിരിക്കുന്നു..,
എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു അവൾ? ആ സന്തോഷം അല്പം എങ്കിലും തിരിച്ചു കൊണ്ട് വരണം,
"സുമി... നമ്മുടെ ഉമ്മച്ചിയെ പോലെ ഒരാളെ നമുക്ക് കിട്ടുകയില്ല മോളെ...
എന്റെ തൊണ്ട ഇടറി
മോളെ... അതുകൊണ്ട് ഉപ്പച്ചിക്ക് വേണ്ടി നമുക്ക് സമ്മതം കൊടുക്കാം"
"സുമി പുറത്തേക്കു നോക്കി കൊണ്ടുതന്നെ പതിയെ തലയാട്ടി,
സുമിയുടെ ദുഃഖം നിറഞ്ഞ മുഖം എന്നിൽ കൂടുതൽ സങ്കടം നിറച്ചു
ഉപ്പച്ചി ആണെങ്കിൽ വല്ലാത്ത ധർമ്മസങ്കടത്തിലാണ്,
ഒരു ഭാഗത്തു ബ്രോക്കർ ആലിക്കയുടെ ശകാരം, മറുഭാഗത്തു മനസ്സിനിണങ്ങിയ ഒരുമ്മയെ കിട്ടാത്ത മക്കളുടെ വിഷമവും,
ഞങ്ങളുടെ ഇഷ്ടത്തിന് വേണ്ടിയാണു ഉപ്പച്ചി ഇങ്ങിനെ പഴി കേൾക്കുന്നത്,
ഇനിയും ഉപ്പച്ചിയെ വിഷമിപ്പിക്കുന്നത് ഉമ്മച്ചിയുടെ ആത്മാവ് ഇഷ്ടപ്പെടില്ല,
ആലിക്ക ഉപ്പാനെ കുറ്റപ്പെടുത്തി സംസാരിച്ചു കൊണ്ടിരിക്കുന്നു, ഇനി അത് പറ്റില്ല,
"ആലിക്കാ... ഒന്ന് നിറുത്തിന് "
ഞാൻ അല്പം ശബ്ദമുയർത്തി പറഞ്ഞു
“ഉപ്പച്ചി...
നമുക്ക് ഈ പെണ്ണ് അന്ന്വേഷണം ഇന്നത്തോടെ നിറുത്താം”
ഉപ്പച്ചി വിഷമത്തോടെ എന്നെ നോക്കി
"എന്താ മോളെ പറയുന്നത് ...?
നിങ്ങൾ പക്വത ഇല്ലാത്ത കുട്ടികൾ ആണ്, നിങ്ങളെയും വീട്ടിലെ കാര്യങ്ങളും നോക്കാൻ ഒരാളു വേണ്ടേ ? വേലക്കാരിയെ അത്രയ്ക്ക് വിശ്വസിക്കാനും കഴിയില്ല”
"അതല്ല ഉപ്പച്ചി…
ഉമ്മ ഞങ്ങൾക്ക് നഷ്ടപ്പെട്ടു…
ഇനി ഒരിക്കലും തിരിച്ചു കിട്ടുകയുമില്ല…
ഇനി പോറ്റമ്മ മാത്രമേ ഞങ്ങൾക്ക് വിധിച്ചിട്ടുള്ളു...
അത് കൊണ്ട് ….”
തൊണ്ട വീണ്ടും ഇടറി..
ഞാൻ ഒന്ന് നിറുത്തി, ഉപ്പച്ചിയെ നോക്കി ഉപ്പച്ചിയുടെ മുഖത്തു ദുഃഖവും നിരാശയും തളംകെട്ടി നിൽക്കുന്നു... കണ്ണുകൾ നിറഞ്ഞിരിക്കുന്നു..,
“അത് കൊണ്ട് ???"
ആലിക്ക ഇടപെട്ടു
“ആലിക്കാ….ഇപ്പോൾ കാണാൻ പോകുന്നതടക്കം ആറു അന്ന്വേഷണങ്ങളിൽ ഉപ്പച്ചിക്ക് തൃപ്തിപെട്ട നല്ല ഒരു കാര്യം ഇന്ന് തന്നെ ഉറപ്പിക്കണം"
ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു
“മിടുക്കി…”
“ലത്തീഫേ… നീ അല്ലെ പറഞ്ഞത് മോൾക്ക് പക്വത ഇല്ലന്ന്”
ആലിക്ക ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു
ഉപ്പച്ചി കണ്ണുകൾ അമർത്തി തുടച്ചു...
അതോടെ വിഷാദം നിറഞ്ഞ അവരുടെ മനസ്സുകളിൽ നിന്ന് ആശ്വാസത്തിന്റെ
നെടുവീർപ്പ് അന്തരീക്ഷത്തിൽ പടർന്നു….
- ശുഭം -
സിദ്ധിഖ് എ പി | കുഴിങ്ങര
വടക്കേകാട് | തൃശൂർ
Call & Whatsapp +96899358246

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ