കുഞ്ഞിക്കിളിയുടെ പരിഭവങ്ങൾ (ചെറുകഥ)

പ്രഭാതത്തിന്റെ പ്രകാശ കിരണങ്ങൾ പ്രപഞ്ചം അണിഞ്ഞു തുടങ്ങുന്നു
ആൺകിളി അന്നം തേടി നേരത്തെ തന്നെ കൂടുവിട്ടു പറന്നു പോയിരിക്കുന്നു.
വേനൽകാലമാണ്… ചുട്ടു പൊള്ളുന്ന ചൂട്,
അല്പം പറന്നു കഴിയുമ്പോഴേക്കും തളർന്നു അവശനാകും
തളർന്നിരിക്കാൻ ചില്ലകളും ഇല്ല മരങ്ങളുമില്ല
ദാഹിച്ചു ഇറങ്ങിയാൽ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല
പാടങ്ങളോ അരുവികളോ പണ്ടത്തെ പോലെ ഇന്നില്ല
ഉള്ള നദികളും പുഴകളും തരിശായിരിക്കുന്നു
അത് കൊണ്ട് ചൂട് കനക്കും മുൻപ് കിട്ടുന്നത് ഭക്ഷിച്ചു തിരിച്ചു വരണം, ജീവൻ നിലനിറുത്തേണ്ടേ ?
കുഞ്ഞിക്കിളി ചിന്തയിലാണ്ടു..

ഇനിയും കൂട്ടിൽ ഇരുന്നാൽ ഇന്നലത്തെ പോലെ ചൂട് സഹിക്കാൻ പറ്റാതെ കൂടണയേണ്ടി വരും, നല്ല വിശപ്പുണ്ട് കൂടാതെ ദിവസവും മുട്ടയിടുന്നുണ്ട്
രണ്ടു മുട്ടകൾ കൂടി ആയാൽ പിന്നെ അടയിരിക്കണം
കൂടുകൾ ഒന്നുകൂടി വലുതാക്കണം
മക്കൾക്ക് ഭക്ഷണം കണ്ടത്തണം ഉത്തരവാദിത്യങ്ങൾ കൂടി വരികയാണ്
കുഞ്ഞിക്കിളി തന്റെ തൂവൽ കൊണ്ട് മുട്ടകൾ പതിയെ പതിയെ ലാളിച്ചു ചേർത്ത് വെച്ചു

പെട്ടന്നാണത് സംഭവിച്ചത് 
വലിയൊരു ശബ്ദവും വലിയൊരു കുലുക്കവും
കുഞ്ഞികിളി ധൃതിപ്പെട്ടു പുറത്തേക്കു നോക്കി
അവൾ ഞെട്ടിത്തരിച്ചു പോയി  
അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു,
തങ്ങളുടെ കൂടു നിൽക്കുന്ന ഈ വ്യക്ഷം മുറിക്കാൻ ആളുകൾ എത്തിയിരിക്കുന്നു

പ്രാണവേദനയാൽ കുഞ്ഞിക്കിളി അലറിക്കൊണ്ട് രുടെ നേരെ പറന്നു,
മരം മുറിക്കാൻ വന്നവരിൽ ഒരാൾ ഒരു കല്ലെടുത്തു കുഞ്ഞിക്കിളിയെ ലക്ഷ്യമാക്കി എറിഞ്ഞു… ഭാഗ്യത്തിന് ഏറു കൊണ്ടില്ല
കുഞ്ഞിക്കിളി വലിയ വിഷമത്തോടെ മരച്ചില്ലയിൽ ഇരുന്ന് കരഞ്ഞു കൊണ്ടിരുന്നു…
തന്റെ പ്രിയതമൻ അരികിൽ ഉണ്ടായിരുന്നെങ്കിൽ... കുഞ്ഞിക്കിളി ആഗ്രഹിച്ചു.

കുറച്ചു സമയവും കൂടി കഴിഞ്ഞാൽ...
ഞങ്ങളുടെ കൂട്
ഞങ്ങളുടെ കുഞ്ഞുങ്ങൾ വിരിയാനുള്ള മുട്ടകൾ
എല്ലാം ഏതാനും സമയം കൊണ്ട് നിലം പൊത്തും
കുഞ്ഞിക്കിളി വലിയ വായിൽ കരഞ്ഞു കൊണ്ടിരുന്നു
----------------------- -----------------------
അകലെ ഒരിടത്തു അന്നം തേടി അലയുകയായിരുന്നു ആൺകിളി
പശിയടക്കാൻ മാത്രം ഒന്നും കിട്ടിയില്ല വനങ്ങളായിരുന്ന പ്രദേശമെല്ലാം ജനപ്രദേശം ആയിരിക്കുന്നു

വഴിവക്കിലെ പൈപ് കേടായി പോകുന്ന വെള്ളത്തിൽ നിന്ന് മതിയാവോളം കുടിച്ചു അടുത്തുള്ള മൊബൈൽ ടവറിന്റെ മുകളിൽ ഇരിക്കുകയാണ് ,

അപ്പോഴാണ് അകലെ നിന്ന് അവ്യക്തമായി തന്റെ ഇണയുടെ കരച്ചിൽ കേൾക്കുന്നത്
കുഞ്ഞികിളിക്കു എന്ത് പറ്റി ??
ആൺകിളിക്ക്‌ ആധിയായി

ഒരുനിമിഷം നിന്നില്ല സകല ശക്തിയും എടുത്തു കൂടിന്റെ അടുത്തേക്ക് പറന്നു ...

അവിടെ കണ്ട കാഴ്ച ഹൃദയ ബേധകമായിരുന്നു
തങ്ങളുടെ കൂടും മുട്ടകളും നിലത്തു ചിതറി കിടക്കുന്നു
കുഞ്ഞിക്കിളി അതിന്റെ സമീപത്തു നിന്ന് ഉച്ചത്തിൽ വിലപിക്കുന്നു..

ആൺകിളിക്കു അന്ന് ആദ്യമായി മനുഷ്യരോട് വെറുപ്പ് തോന്നി
അവൻ മരം വെട്ടുകരുടെ നേരെ ചീറിയടുത്തു തന്റെ പ്രതിഷേധം കാട്ടി
മരം വെട്ടുകാരൻ ഒരു കമ്പു എടുത്തു ആൺകിളിയെ എറിഞ്ഞു,
കാലിൽ ചെറുതായി ഒന്ന് തട്ടി വീഴാൻ പോയെങ്കിലും ആൺകിളി പരിക്കില്ലാതെ രക്ഷപെട്ടു

കുഞ്ഞിക്കിളി കരച്ചിൽ നിറുത്തുന്നില്ല...
എങ്ങിനെ നിറുത്തും
ദിവസങ്ങളോളം പണിപ്പെട്ടാണ് കൂട് ഒരുക്കിയത്
ഓരോ മുട്ട ഇടുമ്പോഴും പാവം ഒരുപാടു വേദന അവൾ സഹിച്ചിരുന്നു

മനുഷ്യർ കായലുകൾ നികത്തുന്നതും മരങ്ങൾ മുറിക്കുന്നതും എല്ലാം കുഞ്ഞിക്കിളി പരിഭവമായി പറയാറുണ്ട്
അന്നൊക്കെ ആൺകിളി മനുഷ്യർ പക്ഷികളെ സ്നേഹിക്കുന്നതും വര്ണിക്കുന്നതും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതും എല്ലാം പറഞ്ഞു കുഞ്ഞിക്കിളിയെ തിരുത്തും

പക്ഷെ അവൾ മനുഷ്യരെ പറ്റി പരിഭവം പറഞ്ഞതെല്ലാം ശെരിയാണന്നു ആൺകിളിക്കു ഇന്ന് ബോധ്യമായി..
പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ മാത്രമല്ല ഞങ്ങളുടെ നിലനില്പിനെയും ആണ് മനുഷ്യർ നശിപ്പിക്കുന്നത്
മനുഷ്യന്റെ ക്രൂരത താനും തന്റെ കുടുംബവും നേരിട്ട് അനുഭവിച്ചു,

കുഞ്ഞിക്കിളി കരച്ചിൽ നിറുത്തുന്നില്ല, കരയട്ടെ...
അവളുടെ ദുഃഖങ്ങൾ അങ്ങിനെ എങ്കിലും കുറയട്ടെ...

നേരം സന്ധ്യയോടടുക്കുന്നു
വാനലോകം കുങ്കുമമണിഞ്ഞു കൊണ്ടിരിക്കുന്നു
പറവകൾ എല്ലാം കൂടണഞ്ഞു കൊണ്ടിരിക്കുന്നു
ഈ രാവിൽ അന്തിയുറങ്ങാൻ ഞങ്ങൾക്ക് മാത്രം കൂടില്ല
ഒരു നേർത്ത പാതിരക്കാറ്റു അവരെ തഴുകി തലോടി കടന്നു പോയി

ആൺകിളി കുഞ്ഞിക്കിളിയെ ആശ്വസിപ്പിക്കാനെന്നോണം ചേർന്ന് നിന്നു...
ദിവസങ്ങൾ കഴിഞ്ഞു പിറക്കാനിരുന്ന കുഞ്ഞുമുട്ടകൾ നിലത്തു ഉടഞ്ഞു കിടക്കുന്നു
ഈ ലോകത്തു തനിക്കു കൂട്ട് ഇവളും
ഇവൾക്ക് കൂട്ട് ഞാനും മാത്രമേ ഉള്ളു...

പ്രിയെ...
നീ പറഞ്ഞതെല്ലാം ശരിയാണ്
ഈ മനുഷ്യർ എത്ര ദുഷ്ടരാണ്
ഈ ഭൂമി അവർക്കു മാത്രമുള്ളതാണോ
അവരുടെ ഭക്ഷണത്തിലോ
വെള്ളത്തിലോ വാസസ്ഥലത്തോ
നമ്മൾ അതിക്രമിച്ചു കേറാറില്ലല്ലോ

പ്രിയേ നമ്മുക്ക് പോകാം
മനുഷ്യർ കടന്നു വരാത്തിടത്തേക്കു
മരങ്ങൾ നശിപ്പിക്കാതിരിക്കുന്നിടത്തു
അവിടെ മാത്രമേ ഇനി നമുക്ക് സുരക്ഷയുള്ളു

ആശയറ്റ മനസ്സുമായി…
അവശതയോടെ ….
അല്പം ആശ്വാസം തേടി
അവർ പറന്നകന്നു…
അനന്ത വിഹായസ്സിലേക്കു.

- ശുഭം -
സിദ്ധിഖ് എ പി
കുഴിങ്ങര



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം