നൊമ്പര പെരുന്നാൾ | ചെറുകഥ
ഇരു നിലയുള്ള അനാഥാലയത്തിന്റെ മുൻവശം, മുകളിലെ നിലയിലെ കുട്ടികളുടെ കിടപ്പു മുറി സമയം രാത്രി 9 മണി
പെരുന്നാൾ അടുത്തതോടു കൂടി അനാഥാലയത്തിലെ കുട്ടികൾ അവരവരുടെ വീട്ടിൽ പോകാനുള്ള ആവേശത്തിലാണ്, വസ്ത്രങ്ങളെല്ലാം അടക്കി വെക്കുന്നതിനുള്ള തിരക്കിലാണ് എല്ലാവരും, അതിന്റെതായ സന്തോഷവും ബഹളങ്ങളും ഉണ്ട്,
ഈ തിരക്കിൽ നിന്നെല്ലാം മാറി വരാന്തയിലെ ബെഞ്ചിൽ തനിച്ചു ഇരിക്കുകയാണ് നബീൽ മോൻ, അവൻ അനാഥാലയത്തിൽ വന്നിട്ട് അധികമായില്ല, അത് കൊണ്ട് തന്നെ വീടും കുടുംബങ്ങളെയും വിട്ടു പോന്ന വിഷമം മാറിയിട്ടില്ല
നാലു ദിവസം കഴിഞ്ഞാൽ പെരുന്നാളിന് വീട്ടിൽ പോകാം, മനസ്സിൽ സന്തോഷവും അതോടപ്പം സങ്കടവും ഉണ്ട്,
നബീൽ മോൻ ആലോചനയിൽ മുഴുകി…
എല്ലാ കുട്ടികളെയും വിളിക്കാൻ അവരുടെ ഉമ്മമാർ വരും എന്നാൽ എന്റെ ഉaമ്മച്ചി മാത്രം വരില്ല..
തിരക്കാണെന്നു പറഞ്ഞു ഒഴിഞ്ഞു
ഉമ്മച്ചി കള്ളം പറയുകയാണ്... എന്നെ കണ്ടാൽ ഉമ്മച്ചിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിയില്ല അത് ആളുകൾ കാണുമെന്നു കരുതിയാണ് ഉമ്മച്ചി വരാത്തത്,
ഉമ്മച്ചി ഇങ്ങിനെ ഒന്നും ആയിരുന്നില്ല... ഉപ്പച്ചി മരിച്ചു പോയതിൽ പിന്നെ ഉമ്മച്ചി ആകെ തകർന്നു..
നബീൽ മോൻ ഒരു ദീർഘ നിശ്വാസം വിട്ടു,
പെരുന്നാളിന് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല... ഉപ്പച്ചിയുടെ അടുത്ത് പോകണം, ആഴം കബറിനകത്തു ഒറ്റയ്ക്ക് കഴിയുന്ന ഉപ്പച്ചിയോടു അനാഥാലയത്തിലെ വിശേഷങ്ങളെല്ലാം പറയണം, ഉപ്പച്ചി പോയതിൽ പിന്നെ ഞങ്ങൾ സന്തോഷം എന്തെന്നറിഞ്ഞില്ലന്നു പറയണം, മതിയവോളം സംസാരിക്കണം, സ്വർഗത്തിൽ ഉപ്പച്ചിയുടെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കണം
ഉമ്മച്ചിയോടും കുഞ്ഞി പെങ്ങളോടപ്പം കുറച്ചു ദിവസമെങ്കിലും കഴിയണം
നബീൽ മോൻ കണ്ണ് തുടച്ചു, അനന്തതയിലേക്ക് മിഴിനീട്ടി ഇരുന്നു, കഴിഞ്ഞകാല പെരുന്നാൾ ഓർമ്മകൾ നബീൽ മോന്റെ മനസ്സിലേക്ക് വിരുന്നു വന്നു,
താനും കൊച്ചു പെങ്ങളും ഉപ്പയും ഉമ്മയും അടങ്ങിയ ചെറിയ കുടുംബം ആയിരുന്നു ഞങ്ങളുടേത്, ഉപ്പച്ചി ഷാർജയിൽ ആയിരുന്നു, കഴിഞ്ഞ പെരുന്നാളിന് അവധിക്കു വന്നു, എല്ലാവരും ചേർന്ന് നല്ല സന്തോഷത്തിൽ പെരുന്നാൾ ആഘോഷിച്ചു, ഉപ്പച്ചി പോകുന്നത് വരെ ഞങ്ങൾക്ക് എന്നും പെരുന്നാൾ പോലെ ആയിരുന്നു
ഒരു മാസത്തെ അവധിയും കഴിഞ്ഞു ഉപ്പച്ചി തിരിച്ചു പോവുകയും ചെയ്തു, അടുത്ത തവണ വരുമ്പോൾ എനിക്ക് സൈക്കിൾ വേടിച്ചു തരാമെന്നു പറഞ്ഞിട്ടാണ് ഉപ്പച്ചി പോയത്, പെങ്ങൾക്ക് അക്കോറിയവും
മാസങ്ങൾ കഴിഞ്ഞു ഒരു ദിവസം ഞങ്ങളെ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഷാർജയിൽ നിന്ന് ഒരു കോൾ വന്നു, അത് ഉപ്പച്ചിയുടെ മരണ വാർത്ത ആയിരുന്നു, അതോടെ ഞങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാദാനവും കെട്ടടങ്ങി.
വീടുപണി നടക്കുന്നതിനാൽ ഒരു താൽക്കാലിക ഷെഡിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്, ഉപ്പച്ചിയുടെ വലിയ ആഗ്രഹം ഞങ്ങളെ പഠിപ്പിച്ചു വലിയവരാക്കണം എന്നായിരുന്നു, അതിനാൽ നാട്ടിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിലാണ് എന്നെയും അനിയത്തിയേയും ചേർത്തത്, ജീവിതത്തിലെ നല്ല നാളുകളായിരുന്നു അത്
എന്നാൽ ഉപ്പച്ചി മരിച്ചു പോയതോടു കൂടി അന്നന്നത്തെ ഭക്ഷണത്തിനു പോലും വകയില്ലാതായി, കയ്യിൽ ഉണ്ടായിരുന്ന പൈസ കൊണ്ട് കുറച്ചു കാലം തള്ളി നീക്കി, ശ്വാസമുട്ടിന്റെ അസുഖം ഉള്ളതിനാൽ ഉമ്മച്ചിക്കു ജോലിക്കു പോകാനും വയ്യ,
അങ്ങിനെ ആണ് എന്നെ ഈ അനാഥാലയത്തിൽ ആക്കുന്നത്, അനിയത്തിയെ പെൺകുട്ടികൾക്കായുള്ള അനാഥാലയത്തിലും ചേർത്തു.
ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് അനാഥാലയത്തിന്റെ മുന്നിലെ റോഡിൽ ഒരു കാറു വന്നു നിന്നു, അതിൽ നിന്ന് രണ്ടു പേര് ഇറങ്ങി, ഒരാൾ തലെകെട്ടുള്ള ഒരു പണ്ഡിതൻ പേര് നാസിർ മുസ്‌ലിയാർ, മറ്റേ ആൾ ഒരു ഗൾഫുകാരൻ നജീബ്, അവർ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു
നജീബ്: "കുട്ടികൾ എല്ലാം പോയന്ന് തോനുന്നു വലിയ ആളനക്കം ഒന്നും കാണുന്നില്ല"
നാസിർ മുസ്‌ലിയാർ : "ഏയ്… അങ്ങിനെ വരാൻ സാധ്യത ഇല്ല, പെരുന്നാളിന്റെ ഒരു ദിവസം മുമ്പേ വിടുകയുള്ളു,
വാ… ഓഫീസിൽ അന്ന്വേഷിക്കാം"
ഇരുവരും അനാഥാലയത്തിലെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു
ഓഫിസിൽ റിസീവറും മാനേജരുമായ കുഞ്ഞാലിക്ക അന്ന് കിട്ടിയ സംഭാവനകൾ എണ്ണി പുസ്തകത്തിൽ എഴുതി കൊണ്ടിരിക്കുകയാണ്.. ചില്ലറ പൈസ വരെയുണ്ട്,
പുറത്തു ആൾ പെരുമാറ്റം കണ്ടപ്പോൾ കണ്ണട ശരിയാക്കി എഴുനേറ്റു
"അസ്സലാമു അലൈകും…. " നാസിർ മുസ്‌ലിയാർ സലാം പറഞ്ഞു
കുഞ്ഞാലിക്ക: "അലൈകും സലാം.... ആരാ മനസ്സിലായില്ല"
നാസിർ മുസ്‌ലിയാർ: "കുഞ്ഞാലിക്ക അല്ലെ ? ഞാൻ നാസിർ മുസ്‌ലിയാർ, കഴിഞ്ഞ വര്ഷം ഞാൻ ഇവിടെ വന്നിട്ടുണ്ട് കുട്ടികൾക്ക് വസ്ത്രത്തിന്റെ കൂപ്പൺ തരാനായി, എന്റെ കൂടെ ഉള്ളത് നജീബ്"
കുഞ്ഞാലിക്ക: "അൽഹംദുലില്ലാഹ്..." (ദൈവത്തിന് സ്തുതി)
"രാത്രി ആയാൽ കണ്ണിനു തെളിച്ചം കുറവാണു, അതാ മനസ്സിലാകാതിരുന്നത്"
"നിങ്ങൾ എന്ത് ചെയ്യുന്നു?" (നജീബ്ന്റെ നേരെ തിരിഞ്ഞു കുഞ്ഞാലിക്ക ചോദിച്ചു)
നജീബ്: ഞാൻ ഷാർജയിൽ ആണ് പെരുന്നാളിന് അവധിക്കു വന്നതാണ്
കുഞ്ഞാലിക്ക പൈസ എല്ലാം ഭദ്രമായി പഴയ ഒരു അലമാരയിൽ വെച്ച് പൂട്ടി, ചാവി തന്റെ പച്ച ബെൽറ്റിന്റെ പോക്കറ്റിൽ വെച്ചു,
എന്നിട്ടു രണ്ടു പേരോടായി
"രണ്ടു പേർക്കും സുലൈമാനി എടുക്കട്ടേ…?"
നാസിർ മുസ്‌ലിയാർ: "വേണ്ട വരുന്ന വഴിക്കു ഹോട്ടലിൽ കയറി, അതാ ഇത്ര വൈകിയത്"
കുഞ്ഞാലിക്ക: "എന്നാ വാ കൂപ്പൺ കുട്ടികൾക്ക് ഇപ്പൊ തന്നെ കൊടുക്കാം"
കുഞ്ഞാലിക്ക ഓഫീസ് റൂം പൂട്ടി അതിന്റെ ചാവിയും തന്റെ പച്ച ബെൽറ്റിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചു, മൂന്ന് പേരും കുട്ടികൾ താമസിക്കുന്ന റൂം ലക്ഷ്യമാക്കി നടന്നു
നജീബ്: "ഇവിടെ കുട്ടികൾ കുറവാണോ?"
കുഞ്ഞാലിക്ക: "ഉണ്ടായിരുന്നു... കുറെയൊക്കെ മെച്ചപ്പെട്ട സ്ഥാപനങ്ങൾ തേടി പോയി, പുതിയ അഡ്മിഷൻ കുറവാണു"
നജീബ്: "അതെന്തു പറ്റി"
കുഞ്ഞാലിക്ക: "നല്ല രീതിയിൽ നടന്നിരുന്ന അനാഥാലയം ആയിരുന്നു ഇത്, മാനേജ്‌മെന്റിന്റെ അനാസ്ഥ കാരണം വരവ് നന്നേ കുറവായതിനാൽ വളരെ പരിതാപകരമാണ് അവസ്ഥ, പല അധ്യാപകന്മാരും ഒഴിഞ്ഞു പോയി,"
"സേവനം മാത്രം ആഗ്രഹിച്ചു വൈകുനേരം വന്നു ക്ലാസ്സ് നടത്തുന്ന മൂന്ന് അധ്യാപകർ മാത്രമാണ് ഉള്ളത്, ഭൗതിക വിദ്യാഭ്യാസത്തിനായി കാലത്തു കുട്ടികളെ സർക്കാർ സ്കൂളിൽ വിടും"
നജീബ്: ആരാണ് ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത്
കുഞ്ഞാലിക്ക: ഞാൻ നേരത്തെ ഇവിടുത്തെ റിസീവർ ആയിരുന്നു, ഇപ്പൊ എല്ലാ കാര്യങ്ങളും നടത്തുന്നതും റിസീവർ ആയി പോകുന്നതും ഞാൻ തന്നെ, കൂടെ ഉണ്ടായിരുന്ന പലരും പോയി,
എനിക്കീ കുട്ടികളെ തെരുവിലേക്ക് വിട്ടു ഒഴിവാക്കാൻ തോന്നിയില്ല, ഇവരും നമ്മുടെ സ്വന്തം മക്കളെ പോലെ അല്ലെ ,
വലിയ സാമ്പത്തിക ബാധ്യത വരുന്നത് കൊണ്ട് പ്രായാധിക്ക്യം വകവെക്കാതെ ഞാൻ തന്നെ സംഭാവന പിരിക്കാൻ പോകും
അവർ സംസാരിച്ചു കൊണ്ട് അനാഥാലയത്തിന്റെ വരാന്തയിൽ പ്രവേശിച്ചു, അപ്പോഴാണ് വരാന്തയിലെ ബെഞ്ചിൽ ഇരിക്കുന്ന നബീലിനെ നാസിർ മുസ്‌ലിയാർ ശ്രദ്ധിച്ചത്
"ആരോ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടല്ലോ
കുഞ്ഞാലിക്ക: അത് നബീൽ മോൻ… എപ്പോഴും തനിച്ചിരിക്കൽ അവന്റെ ശീലമാണ്, കുട്ടികൾ കളിക്കാൻ പോകുമ്പോൾ പോലും പോകാറില്ല
നജീബ്: അതെന്താ ?
കുഞ്ഞാലിക്ക: അനാഥാലയത്തിൽ അവൻ വന്നിട്ട് അധികമായില്ല, പിതാവിന്റെ വിയോഗം ഇപ്പോഴും അവനെ ദുഃഖിപ്പിക്കുന്നുണ്ട്, എപ്പോഴും മൗനിയായ ഒരു പാവം കുട്ടി
- - - - - - - - - - - - - - - - - - - - - - - - - - -
അടുത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടാണ് നബീൽ മോൻ ചിന്തയിൽ നിന്ന് ഉണർന്നത്, തല ഉയർത്തി നോക്കിയപ്പോൾ മൂന്ന് പേര് തൊട്ടു മുന്നിൽ, നബീൽ തിടുക്കത്തിൽ കണ്ണുനീർ തുടച്ചു എഴുനേറ്റു ഭവ്യതയോടെ നിന്നു
കുഞ്ഞാലിക്ക: മോൻ എന്താണ് ഇവിടെ ഒറ്റക്കിരിക്കുന്നതു?
നബീൽ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു, അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു
കുഞ്ഞാലിക്ക: “മോന് പോയി, എല്ലാവരോടും ഹോളിലേക്കു വരാൻ പറയ്”
നബീൽ അനുസരണയോടെ നടന്നു
ഈ കുട്ടിയുടെ ഉപ്പാടെ പേര് റസാഖ് എന്നാണോ ?
നജീബ് കുഞ്ഞാലിക്കയുടെ അടുത്ത് പതുക്കെ ചോദിച്ചു
കുഞ്ഞാലിക്ക: അതെ, അറിയോ ?
നജീബ് : എന്റെ ഊഹം ശരിയാണെങ്കിൽ ഈ കുട്ടിയുടെ ഉപ്പ റസാഖ് ഞങ്ങളുടെ അടുത്ത റൂമിലായിരുന്നു താമസിച്ചിരുന്നത്, ജോലി സ്ഥലത്തു വെച്ച് അറ്റാക്ക് വന്നു മരിച്ചപ്പോൾ ഞങ്ങൾ പരിചയക്കാർ എല്ലാരും കൂടിയാണ് ബോഡി നാട്ടിലേക്കു അയച്ചത്, ഈ കുട്ടിയുടെയും അനിയത്തി കുട്ടിയുടെയും ഫോട്ടോ ഇന്നും ആ റൂമിൽ കളയാതെ വെച്ചിട്ടുണ്ട്
കുഞ്ഞാലിക്ക: അതെ, റസാഖ് ഷാർജയിൽ ജോലി സ്ഥലത്തു വെച്ച് അറ്റാക്ക് വന്നാണ് മരിച്ചത്
നജീബ് : റസാഖ് അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ്, അത് കൊണ്ട് അവന്റെ കുടുംബത്തെ കുറിച്ച് കൂടുതൽ അറിയില്ല, ഞങ്ങളാണെങ്കിൽ മരണശേഷം കൂടുതൽ അന്ന്വേഷിച്ചുമില്ല, എന്താണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ, വീടുപണി കഴിഞ്ഞോ ?
കുഞ്ഞാലിക്ക: വീടുപണി കഴിഞ്ഞിട്ടില്ല എന്നാണ് അറിവ്… മറ്റു കാര്യങ്ങൾ എനിക്കും കൂടുതൽ അറിയില്ല, മക്കളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വകയില്ലാത്തത് കൊണ്ടാണ് അവർ കുട്ടികളെ അനാഥാലയത്തിൽ ആക്കിയത്
നാസിർ മുസ്‌ലിയാർ: എല്ലാം റബ്ബിന്റെ വിധി, സമയം ഒരുപാടു വൈകി, നമ്മുക്ക് കൊടുത്തു പോകാം
നാസിർ മുസ്‌ലിയാർ തിരക്ക് കൂട്ടി,
മൂന്ന് പേരും ഹാളിലേക്ക് പ്രവേശിച്ചു
ഹാളിൽ എല്ലാ കുട്ടികളും എത്തിയിട്ടുണ്ട്, എന്തോ കോളടിച്ചിട്ടുണ്ടെന്നു അവർക്കു മനസ്സിലായിരുന്നു,
എല്ലാവരും ബഹളം നിറുത്തി നിശബ്ദരായി.
അസ്സലാമു അലൈകും...
നാസിർ മുസ്‌ലിയാർ കുട്ടികൾക്ക് സലാം പറഞ്ഞു
കുട്ടികൾ ആവേശത്തോടെ സലാം മടക്കി
കുഞ്ഞാലിക്ക: "മക്കളെ... കഴിഞ്ഞ പ്രാവശ്യം പെരുന്നാളിന് പുതു വസ്ത്രങ്ങൾ നൽകിയ ആളുകൾ ഇപ്രാവശ്യവും തരുന്നുണ്ട്, പിന്നെ നിങ്ങൾ അവധിക്കു വീട്ടിലേക്ക് പോകുന്ന അന്ന് അവരുടെ വക ബിരിയാണിയും ഉണ്ട്, "
കുഞ്ഞാലിക്ക സന്തോഷത്തോടെ പറഞ്ഞു നിറുത്തി,
അലക്കി പഴകിയ വസ്ത്രം ഇട്ടു ശീലിച്ച... ഒരേ തരം ഭക്ഷണം കഴിച്ചു മടുത്ത കുട്ടികൾക്ക് അത് കേട്ടപ്പോൾ വലിയ സന്തോഷമായി...
ഹാള് ശബ്ദമുഖരിതമായി.
എന്നാൽ നബീൽ മോന്ന് വലിയ ആഹ്ലാദം ഒന്നും തോന്നിയില്ല, അവൻ മ്ലാനവദനായി തന്നെ ഇരുന്നു,
എല്ലാവരും നിശ്ശബ്ദരാവാൻ വേണ്ടി കുഞ്ഞാലിക്ക ചൂരൽ ടേബിളിന്മേൽ അടിച്ചു
കുഞ്ഞാലിക്ക: ഇനി എല്ലാവരും വന്നു ഈ കൂപ്പൺ വെടിച്ചോളിൻ, 1200 രൂപയുടെ കൂപ്പൺ ആണ്, കൂപ്പൺ കളയരുത്… നാളെ പട്ടണത്തിലെ വത്സലൻ ചേട്ടന്റെ ജൗളി കടയിൽ നിന്നു നിങ്ങള്ക്ക് ഇഷ്ടപെട്ട വസ്ത്രം വാങ്ങിക്കാം...
കുട്ടികൾ ഓരോരുത്തരായി ആവേശത്തോടെ പോയി കൂപ്പൺ വേടിച്ചു… നബീൽ മോനും മനസ്സില്ല മനസ്സോടെ കൂപ്പൺ വേടിച്ചു
വന്ന ആളുകൾ സലാം പറഞ്ഞു പിരിഞ്ഞു പോയി
കുട്ടികൾ എല്ലാവരും വേടിച്ചു അവരുടെ റൂമിലേക്കും പോയി,
നബീൽ മോൻ അവിടെ തന്നെ കാത്തു നിന്നു,
അവനു കുഞ്ഞാലിക്കയോട് എന്തോ പറയാനുണ്ടായിരുന്നു
കുഞ്ഞാലിക്ക കൂപ്പണിന്റെ കണക്കു എഴുതി കൊണ്ടിരിക്കുകയാണ്
നബീൽ മോൻ പതിയെ കുഞ്ഞാലിക്കയുടെ അടുത്തേക്ക് ചെന്നു
കുഞ്ഞാലിക്കാ… നബീൽ മോൻ പതുക്കെ വിളിച്ചു
കുഞ്ഞാലിക്ക തല താഴ്ത്തി കണക്കു എഴുതി കൊണ്ടിരിക്കെ കണ്ണടയുടെ മുകളിലെ വിടവിലൂടെ അവനെ നോക്കി
മോൻ പോയില്ലേ ... എന്താ പെരുനാളായിട്ടു സന്തോഷം ഒന്നും ഇല്ലല്ലോ ? കുഞ്ഞാലിക്ക പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു
നബീൽ മോൻ മിണ്ടിയില്ല, തനിക്കു കിട്ടിയ കൂപ്പൺ ടേബിളിൽ വെച്ചു…
കുഞ്ഞാലിക്ക സംശയത്തോടെ അവനെ നോക്കി
എന്താ പുതിയ വസ്ത്രം വേടിക്കേണ്ടേ ? 1200 രൂപയുടെ കൂപ്പൺ ആണ് ആ… കുഞ്ഞാലിക്ക അല്പം ഗൗരവത്തിൽ പറഞ്ഞു
കുഞ്ഞാലിക്കാ... ഈ കൂപ്പണു പകരം പൈസ തരാൻ പറ്റോ ?
കുഞ്ഞാലിക്ക അവന്റെ മുഖത്തേക്ക് നോക്കി, നബീൽ മോന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു
കുഞ്ഞാലിക്ക വല്ലാണ്ടായി, കുഞ്ഞാലിക്ക നോട്ട് ബുക്ക് മടക്കി വെച്ചു എഴുനേറ്റു വന്നു നബീൽ മോനെ ചേർത്ത് നിന്നു
കുഞ്ഞാലിക്ക: മോന്ക്ക് ഡ്രസ്സ് വേണ്ടേ? മോൻ ഇതു കൊണ്ട് നിനക്കുള്ള വസ്ത്രം വാങ്ങു... അവര് പൈസ ആയി തരില്ല, എന്തിനാണ് പൈസ ?"
കുഞ്ഞാലിക്ക അല്പം ഗൗരവത്തിൽ ചോദിച്ചു
"പൈസ എന്റെ കുഞ്ഞു പെങ്ങൾക്കും ഉമ്മാക്കും എന്തെങ്കിലും വേടിച്ചു കൊടുക്കാനാണ്... അവരെ സഹായിക്കാൻ ആരുമില്ല... എനിക്ക് പെരുന്നാളിന് പുതിയ വസ്ത്രം ഒന്നും ഇല്ലെങ്കിലും സാരമില്ല.. എനിക്ക് .... " നബീൽ മോന്റെ തൊണ്ട ഇടറി വാക്കുകൾ മുറിഞ്ഞു
കുഞ്ഞാലിക്കാടെ കണ്ണുകൾ നിറഞ്ഞു, എന്ത് പറയണം എന്നറിയാതെ കുഞ്ഞാലിക്ക കുഴങ്ങി, ദുഃഖ സാന്ദ്രമായ നിശബ്തത അവർക്കു ചുറ്റും ഇരുൾ നിറച്ചു.
"മോന് ഇതു കയ്യിൽ വെക്ക്, ഉമ്മക്കും പെങ്ങൾക്കും നമ്മുക്ക് വേറെ കൊടുക്കാം, റബ്ബ് ഒരു വഴി കാണിച്ചു തരും..." കുഞ്ഞാലിക്ക അവന്റെ ശിരസിൽ തലോടി പറഞ്ഞു.
- - - - - - - - - - - - - - - - - - -
അടുത്ത ദിവസം വൈകുംനേരം, കുഞ്ഞാലിക്ക പിരിവും കഴിഞ്ഞു അവശതയോടെ ഗേറ്റും കടന്നു വരികയാണ്,
ആ സമയത്തു, തലേ ദിവസം വന്ന രണ്ടു പേര് അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു
കുഞ്ഞാലിക്ക: അസ്സലാമു അലൈകും, ഞാൻ നിങ്ങളെ കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു, ഇന്നലെ ഫോൺ നമ്പർ വെടിക്കാനും മറന്നു
രണ്ടു പേരും സലാം മടക്കി
നാസിർ മുസ്‌ലിയാർ: അതെന്താ കാണണമെന്ന് വിചാരിച്ചത്
കുഞ്ഞാലിക്ക: ഇന്നലെ നമ്മൾ സംസാരിച്ച ആ കുട്ടിയല്ലേ റസാഖിന്റെ മകൻ നബീൽ അവനു കൂപ്പണ് പകരം പൈസ ആയിട്ട് കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു, വീട്ടിലെ കാര്യം ഇത്തിരി കഷ്ടാണ്
വന്ന രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു
നാസിർ മുസ്‌ലിയാർ: ഞങ്ങൾ വന്നത് തന്നെ ആ കുട്ടിയുടെ കാര്യം പറയാനാ
കുഞ്ഞാലിക്ക ഒന്നും മനസ്സിലാക്കാതെ രണ്ടു പേരെയും നോക്കി, എന്നിട്ടു ഓഫീസ് റൂം തുറന്നു രണ്ടു പേരോടും ഇരിക്കാൻ ആംഗ്യം കാണിച്ചു, കുഞ്ഞാലിക്ക വളരെ അവശനായിരുന്നു
നജീബ് മുഖവരയില്ലാതെ പറഞ്ഞു തുടങ്ങി "ഇന്നലെ ഇവിടുന്നു പോയതിനു ശേഷം ഞാൻ ഷാർജയിലെ റസാഖിന്റെ ഒരു അകന്ന ബന്ധുവായ റഹൂഫിനോട് അവരുടെ ഇപ്പോഴത്തെ അവസ്ഥ അന്ന്വേഷിച്ചു,
സാമ്പത്തികമായി വളരെ പരിതാപകരമാണെന്നു അറിഞ്ഞു, അവർ കൊടുക്കുന്ന പൈസ കൊണ്ടാണ് റസാഖിന്റെ ഭാര്യ ജീവിക്കുന്നതെന്നും പറഞ്ഞു,
നജീബ് ഒന്ന് നിറുത്തി തുടർന്നു...
അതിനു ശേഷം ഷാർജയിലെ റസാഖിന്റെ കുറച്ചു പരിചയക്കാരോടും റൂമിലെ സുഹൃത്തുക്കളോടും ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞു, അങ്ങിനെ എല്ലാവരുടെയും അഭിപ്രായ പ്രകാരം റസാഖിന്റെ വീട് പൂർത്തീകരിക്കാനും, അവരുടെ നിത്യ വരുമാനത്തിനായി ഒരു ടൈലറിംഗ് മെഷിൻ കൊടുക്കുവാനും തീരുമാനിച്ചു,
അൽഹംദുലില്ലാഹ്…. കുഞ്ഞാലിക്ക പറഞ്ഞു നെടുവീർപ്പിട്ടു
നജീബ് : വേറെ ഒരു കാര്യം കൂടി ഉണ്ട്, ഈ പെരുന്നാളിന് അവരുടെ അത്യാവശ്യ ചിലവിനു എന്റെ വക 5000 രൂപ സഹായ ധനവും ഉണ്ട്, അത് റസാഖിന്റെ മോന് കൊടുക്കണം, ഇനി റസാഖിന്റെ മോന് പുറത്തു പോയി പഠിക്കണമെങ്കിൽ അതിന്റെ ചിലവും ഞാൻ തരുന്നതായിരിക്കും
കുഞ്ഞാലിക്കാക്കു മനസ്സ് നിറഞ്ഞു… കണ്ണും
കുഞ്ഞാലിക്ക: ഒരു കാര്യം ചെയ്യാം ഞാൻ ആ കുട്ടിയെ വിളിക്കാം നിങ്ങൾ തന്നെ അവനോടു പറഞ്ഞോളൂ, ഒരാളെങ്കിൽ ഒരാള് ഇവിടുന്നു രക്ഷപ്പെടുമെങ്കിൽ ആയിക്കോട്ടെ
അതും പറഞ്ഞു കുഞ്ഞാലിക്ക തിടുക്കത്തിൽ പുറത്തേക്കിറങ്ങി, വേഗത്തിൽ നടന്നു
- - - - - - - - - - - - - - - - - - -
അനാഥാലയത്തിലെ ഹാൾ,
നബീൽ മോൻ ഒരു ഭാഗത്തു ഇരുന്നു പഠിക്കുകയാണ്, ഉപ്പച്ചിയുടെ നിർദ്ദേശമാണ് നന്നായി പഠിക്കണം എന്നത്, ഉപ്പച്ചിയുടെ ആ ആഗ്രഹം എങ്കിലും നടപ്പിലാക്കണമെന്ന് അവന് ആഗ്രഹമുണ്ട്
കുഞ്ഞാലിക്ക: നബീൽ ഇവിടെ വരൂ…
നബീൽ വേഗം ബുക്ക് മടക്കി ചെന്നു,
അവന്റെ നിഷ്കളങ്ക മുഖത്തു എന്തോ പ്രതീക്ഷിക്കുന്നത് പോലെ തോന്നി, ഇന്നലെ പറഞ്ഞ കൂപ്പണിന്റെ പൈസ 1200 കിട്ടുമെന്നായിരിക്കും,
കുഞ്ഞാലിക്ക മന്ദഹസിച്ചു കൊണ്ട് അവന്റെ കൈ പിടിച്ചു നടന്നു
ഓഫീസ് റൂമിൽ എത്തിയപ്പോൾ കുഞ്ഞാലിക്ക നബീലിന് നജീബിനെ പരിചയപ്പെടുത്തി
മോനെ, ഇതു നിന്റെ ഉപ്പയുടെ ഗൾഫിലെ ചങ്ങാതി, പേര് നജീബ്, ഇത് നാസിർ മുസ്‌ലിയാർ
നബീൽ രണ്ടു പേർക്കും സലാം പറഞ്ഞു കൈകൊടുത്തു
നാസിർ മുസ്‌ലിയാർ: മോൻ എന്താണ് മുഖത്തു സന്തോഷം ഇല്ലാത്തതു… ഒന്ന് ചിരിച്ചേ
നബീൽ മോൻ ചിരിക്കാൻ ശ്രമിച്ചു വേദനയുള്ള ചിരി, പിന്നെ
ഒന്നും മനസ്സിലാക്കാതെ കുഞ്ഞാലിക്കാനെ നോക്കി
കുഞ്ഞാലിക്ക: നജീബ്… ആ പൈസ നേരിട്ട് കൊടുത്തോളു
നജീബ് കവറിലാക്കിയ തുക നബീൽ മോന്റെ കയ്യിൽ കൊടുത്തു,
നബീൽ മോൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന തനിക്കു കിട്ടിയ കൂപ്പൺ നജീബിന്റെ നേരെ നീട്ടി
നജീബ് : ഇതെന്താ കൂപ്പൺ ?
കാര്യം പിടികിട്ടിയ കുഞ്ഞാലിക്ക ഇടപെട്ടു, നബീലിനോടായി പറഞ്ഞു
മോനെ ... അത്.. കൂപ്പണിന്റെ പൈസ അല്ല, നിന്റെ ഉപ്പാടെ ചങ്ങായിയുടെ പെരുന്നാൾ പൈസ ആണ് 5000 രൂപ, ഇങ്ങു തന്നേക്കു വീട്ടിൽ പോകുമ്പോൾ തരാം
നബീലിന് സന്തോഷമായി.. അവൻ പുഞ്ചിരിച്ചു, കവർ കുഞ്ഞാലിക്കാനെ ഏല്പിച്ചു
കുഞ്ഞാലിക്ക: ഇത് മാത്രമല്ല, നിങ്ങളുടെ വീടിന്റെ പണി പൂർത്തീകരിക്കാനും ഉമ്മാക്ക് വരുമാനത്തിനായി ഒരു ടൈലറിംഗ് മെഷിൻ കൊടുക്കുവാനും നിന്റെ ഉപ്പാടെ ചങ്ങായിമാർ തീരുമാനിച്ചിട്ടുണ്ട്
അതും കൂടി കേട്ടപ്പോൾ നബീൽ മോന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
അത് കണ്ടു അവിടെ ഉള്ളവരും ആനന്ദാശ്രു പൊഴിച്ചു
നാസിർ മുസ്‌ലിയാർ: മോന് വേറെ വലിയ സ്ഥാപനത്തിൽ പഠിക്കാൻ ആഗ്രഹമുണ്ടോ, കുഞ്ഞാലിക്കക്കു സമ്മതമാണ്
നബീൽ ഇല്ലന്ന് തലയാട്ടി
കുഞ്ഞാലിക്ക: അതെന്താ ആഗ്രഹമില്ലന്നു പറഞ്ഞത് ?
നബീൽ മോൻ കണ്ണ് തുടച്ചു തല താഴ്ത്തി നിന്നു
എല്ലാവരുടെയും മുന്നിൽ ഉറക്കെ പറയാൻ കഴിയാഞ്ഞിട്ടാണന്നു മനസ്സിലായ കുഞ്ഞാലിക്ക, നബീലിനെ അടുത്തേക്ക് വിളിച്ചു പതുക്കെ പറഞ്ഞു
ഇവിടുത്തേക്കാൾ നല്ല വിദ്യാഭ്യാസവും സൗകര്യങ്ങളും കിട്ടും
നബീൽ മോൻ: അതല്ല കുഞ്ഞാലിക്കാ... ഇവിടുത്തെ കൂട്ടുകാരെ വിട്ടു പോകാൻ എനിക്ക് തോന്നുന്നില്ല അത് കൊണ്ടാ
നബീൽ തല താഴ്ത്തി പറഞ്ഞു,
അത് കേട്ടപ്പോൾ കുഞ്ഞാലിക്കാക്ക് സന്തോഷമായി
കുഞ്ഞാലിക്ക: മോന്റെ ഇഷ്ടം ഇവിടെ നിൽകുന്നതാണെങ്കിൽ അങ്ങിനെ തന്നെ ആവട്ടെ, ഇനി റൂമിൽ പൊയ്ക്കോളൂ
നജീബ് : നബീൽ മോൻ ഇങ്ങു വന്നേ
നബീൽ മോൻ അനുസരണയോടെ അടുത്ത് ചെന്നു
നജീബ് : മോന്റെ ഇഷ്ടം ഇവിടെ നിൽകുന്നതാണെങ്കിൽ ഇവിടെ തന്നെ നിന്നോളൂ, പക്ഷെ നന്നായി പഠിക്കണം, നിന്റെ ഉപ്പച്ചിയുടെ ചങ്ങായി എന്ന നിലക്ക് ഞാൻ ഇടക്ക് അന്ന്വേഷിക്കും, നിങ്ങളെ നല്ല വിദ്യാഭ്യാസം നൽകി വളർത്തണം എന്നായിരുന്നു നിന്റെ ഉപ്പയുടെ ആഗ്രഹം, ഇപ്പോൾ ഞങ്ങളുടെയും
നബീൽ സമ്മതപൂർവം തലയാട്ടി
നബീൽ രണ്ടു പേർക്കും സലാം പറഞ്ഞു കൈകൊടുത്തു, ഇപ്പ്രാവശ്യം അവന്റെ മുഖം സന്തോഷം കൊണ്ട് പ്രസന്നമായി… അവൻ പുറത്തേക്കു പോയി
നാസിർ മുസ്‌ലിയാർ: എന്നാ ഇനി ഞങ്ങൾ ഇറങ്ങട്ടെ,
ഇരുവരും സലാം പറഞ്ഞു തിരിച്ചു പോയി
- - - - - - - - - - - - - - - - - - - - - - - - - - - - - -
പെരുന്നാളിന്റെ തലേദിവസം വൈകുംനേരം
മകന്റെ വരവും കാത്തു നിൽക്കുകയാണ് റസിയയും മകൾ നദീറയും
റസാഖ ഇല്ലാത്ത ആദ്യത്തെ പെരുന്നാൾ ആയതിനാൽ റസിയക്കു ഒന്നിനും ഒരു സന്തോഷമില്ല
റസിയ: "മോളെ പുറത്തു ഇറങ്ങി ഇക്ക വരുന്നുണ്ടോ എന്ന് നോക്കിയേ"
നദീറ: ഞാൻ പുറത്തു തന്നെ ആണ് ഉള്ളത് ഉമ്മാ
റസിയ: ഈ കുട്ടി എവിടെ പോയി കിടക്കാണ്, നാലു മണിയുടെ ബസ്സിന് വരുമെന്ന് പറഞ്ഞതാണല്ലോ, മഗ്‌രിബ് ബാങ്ക് കൊടുക്കാനായി, പെരുന്നാളിനുള്ള സാധനങ്ങൾ ഒന്നും വാങ്ങിയിട്ടുമില്ല
റസിയ ആരോടെന്നില്ലാതെ പരിഭവം പറഞ്ഞു
സമയം അല്പം കൂടി കടന്നു പോയി…
ഒരു ഓട്ടോറിക്ഷയിൽ വീട്ടിലേക്കുള്ള സാധനങ്ങളുമായി നബീലും കുഞ്ഞാലിക്കയും വരുന്നത് ദൂരെ നിന്നു നദീറ കണ്ടു,
നദീറ: ഉമ്മാ... ഇക്ക വരുന്നുണ്ട്... കുഞ്ഞാലിക്കയും ഉണ്ട്
അതും പറഞ്ഞു നദീറ വണ്ടിയുടെ അടുത്തേക്ക് ഓടി
നബീൽ ഇറങ്ങിയപ്പോൾ നദീറ "ഇക്കാ…" എന്ന് പറഞ്ഞു കെട്ടിപിടിച്ചു
സന്തോഷം കൊണ്ട് രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു
നബീലും നദീറയും അകത്തു ഓടി പോയി
കുഞ്ഞാലിക്കയും ഓട്ടോക്കാരനും സാധനങ്ങൾ വണ്ടിയിൽ നിന്നിറക്കി വെച്ചു, ഓട്ടോക്കരൻ പൈസ ഒന്നും വേടിക്കാതെ തിരിച്ചു പോയി
“രണ്ടാളും കൂടി സാധനങ്ങൾ എല്ലാം അകത്തേക്ക് വെക്കു,” കുഞ്ഞാലിക്ക അകത്തേക്ക് നോക്കി പറഞ്ഞു
നബീലും നദീറയും സാധനങ്ങൾ അകത്തേക്ക് വെച്ചു കൊണ്ടിരുന്നു
“കുഞ്ഞാലിക്കാ കയറി ഇരിക്കൂ..” റസിയ വാതിൽ പടിയിൽ നിന്ന് കൊണ്ട് പറഞ്ഞു
“ഈ സാധനങ്ങൾക്കെല്ലാം ഒത്തിരി പൈസ ആയിട്ടുണ്ടാകുമല്ലോ?" അല്പം ആശങ്കയോടെ റസിയ ചോദിച്ചു
കുഞ്ഞാലിക്ക: പറയാം രണ്ടു പേര് കൂടി വരാനുണ്ട്
റസിയ ഒന്നും മനസ്സിലാവാതെ നബീലിനെ നോക്കി അവൻ പുഞ്ചിരിക്കുക മാത്രം ചെയ്തു
കുഞ്ഞാലിക്ക: ഇങ്ങോട്ട് എത്താൻ സമയം കൊറേ വൈകി ... വരുന്ന വഴിക്കു നബീലിന് ഉപ്പാടെ കബറിനടുത്തു പോകണമെന്ന് നിർബന്ധം, വേഗം വരാമെന്നു പറഞ്ഞു കുറെ കഴിഞ്ഞാണ് ഉപ്പാടെ കബറിനടുത്തു നിന്ന് അവൻ പോന്നത്, ഉപ്പയോട് അവൻക്ക് കുറെ വിശേഷങ്ങൾ പറയാനുണ്ടാകും എന്ന് മനസ്സിലാക്കി ഞാനാണെങ്കിൽ തിരക്ക് കൂട്ടിയുമില്ല
റസിയ കണ്ണു തുടച്ചു മകന്റെ തലയിൽ വിരലോടിച്ചു
-------------------------------------------
പുറത്തു ഒരു മാരുതി കാർ വന്നു നിന്നു, വണ്ടിയിൽ നിന്നു നജീബും നസീർ മുസ്ലിയാരും ടൗണിൽ ജൗളി കട നടത്തുന്ന വത്സലൻ ചേട്ടനും ഇറങ്ങി
വരൂ... കാര്യങ്ങൾ പറഞ്ഞു വേഗം പോകാം,
കുഞ്ഞാലിക്ക പുറത്തിറങ്ങി അവരെ സ്വീകരിച്ചു
എല്ലാവരെയും കൂട്ടി വീടിന്റെ മുൻവശത്തെ ചെറിയ സ്വീകരണ മുറിയിലേക്ക് കയറി, അവിടെ ആകെ രണ്ടു കസേരകളെ ഉളളൂ, രണ്ട് പേര് നിന്നു
റസിയ വാതിലിന്റെ മറയിൽ മറഞ്ഞു നിന്നു
നാസിർ മുസ്‌ലിയാർ: കുഞ്ഞാലിക്ക വിവരങ്ങൾ എല്ലാം പറഞ്ഞോ ?
കുഞ്ഞാലിക്ക: ഇല്ല, നിങ്ങൾ നേരിട്ട് പറയുന്നതല്ലേ അതിന്റെ ശെരി,
നാസിർ മുസ്‌ലിയാർ: അതെ.. നജീബ് സാഹിബ് നിങ്ങൾ തന്നെ കാര്യങ്ങൾ പറഞ്ഞോളൂ
നജീബ്: എന്റെ പേര് നജീബ് ഷാർജയിൽ നിങ്ങളുടെ ഭർത്താവ് റസാഖ് എന്റെ റൂമിന്റെ അടുത്താണ് താമസിച്ചിരുന്നത്, റസാഖിന്റെ മയ്യത്തു നാട്ടിലേക്കു അയച്ചതിനു ശേഷം വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല രണ്ടു ദിവസം മുൻപ് അനാഥാലയത്തിൽ മകനെ കണ്ടതിനു ശേഷമാണു വിവരങ്ങളെല്ലാം അറിയുന്നത്
റസിയ മുഖം കുനിച്ചു നിന്നു കേട്ടു
നജീബ് ഒന്ന് നിറുത്തി…
തുടർന്നു
"അന്ന് തന്നെ ഷാർജയിലെ റസാഖിന്റെ കുറച്ചു പരിചയക്കാരോടും റൂമിലെ സുഹൃത്തുക്കളോടും ഇവിടുത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു,
അങ്ങിനെ എല്ലാവരുടെയും അഭിപ്രായപ്രകാരം റസാഖിന്റെ വീട് പൂർത്തീകരിക്കാനും, നിങ്ങൾക്കു നിത്യ വരുമാനത്തിനായി ഒരു ടൈലറിംഗ് മെഷിൻ നൽകുവാനും ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്
റസിയ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തന്റെ മുഷിഞ്ഞ ഷാള് കൊണ്ട് തുടച്ചു,
മക്കളുടെ മുഖത്തു സന്തോഷം നിറഞ്ഞു
നജീബ്: ഞങ്ങളുടെ റസാഖിന് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, നിങ്ങളുടെ പ്രാർത്ഥന മാത്രം ഉണ്ടായാൽ മതി.
നാസിർ മുസ്‌ലിയാർ: ഇനി ഒരു കാര്യം കൂടി ഇതു വത്സലൻ ചേട്ടനാണ്, ഇവരുടെ ജൗളി കടയിൽ നിന്നാണ് ഞങ്ങൾ അനാഥാലയത്തിലെ മക്കൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങിക്കുന്നത്, ബാക്കി ചേട്ടൻ പറഞ്ഞോളൂ
വത്സലൻ ചേട്ടൻ : "മോളെ നാസിർ മുസ്‌ലിയാർ ഇപ്രാവശ്യം വസ്ത്രത്തിനു ഓഡർ തരാൻ വന്നപ്പോൾ ആണ് എന്നോട് വിവരങ്ങൾ പറഞ്ഞത്, ഇവര് ആവശ്യപ്പെട്ടത് നിങ്ങൾക്കു എന്തെങ്കിലും ജോലി ആണ്,
ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നു മെറ്റീരിയൽ കൊടുത്തു പുറത്തു നിന്നു വസ്ത്രങ്ങൾ തയ്പ്പിക്കാറുണ്ട്, മോൾക്ക് അത് ചെയ്യാമോ?
റസിയ : തയ്ക്കാനറിയാം.. ഞാൻ ചെയ്‌തോളാം
റസിയ ആത്മവിശ്വാസത്തോടെ പറഞ്ഞു
വത്സലൻ ചേട്ടൻ : നല്ലതു... എന്റെ സഹോദരിയുടെ മകൾ മെറ്റിരിയലുമായി വന്നു കാര്യങ്ങൾ പറഞ്ഞു തരും
റസിയ സമ്മതമാണെന്ന് തലയാട്ടി,
റസിയയുടെ നയനങ്ങൾ സന്തോഷം കൊണ്ട് സജ്ജലങ്ങളായി
കുഞ്ഞാലിക്ക: അൽഹംദുലില്ലാഹ്...(ദൈവത്തിന് സ്തുതി), കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടക്കട്ടെ...
ഇനി മോള് കണ്ണ് തുടച്ചു പോയി എല്ലാവര്ക്കും സുലൈമാനി എടുത്തേ… പെരുന്നാളിന്റെ സന്തോഷം ഒക്കെ വരട്ടെ, എന്തെ?
കുഞ്ഞാലിക്ക സന്തോഷത്തോടെ പറഞ്ഞു... എല്ലാവരും പുഞ്ചിരിയോടെ അതിനെ പിന്താങ്ങി
നബീലും നദീറയും കൂടി സുലൈമാനിയും ബിസ്കറ്റും കൊടുന്നു വെച്ചു
എല്ലാവരും സുലൈമാനി കുടിച്ചു യാത്ര പറഞ്ഞു സന്തോഷത്തോടെ ഇറങ്ങി …
അന്നേരം അങ്ങകലെ പള്ളിയിൽ നിന്നു പെരുന്നാളിന്റെ ആഗമനം അറിയിച്ചു കൊണ്ട് തക്ബീർ ധ്വനികൾ അന്തരീക്ഷത്തിൽ നേർത്ത സംഗീതം പൊഴിക്കുന്നുണ്ടായിരുന്നു
- - - - - - - - - - - - - - - - - - - - - - - - - - - - - -
ഒരു മഹത്തായ കാര്യം ചെയ്ത ആത്മ സംതൃപ്തിയോടെ നജീബ് വീട്ടിലേക്കു തിരിച്ചു, സമയം അല്പം വൈകിപ്പോയി വീട്ടിൽ ഭാര്യ സുമയ്യ തനിച്ചാണ്, പെരുന്നാളിന്റെ തലേന്ന് എങ്കിലും നേരത്തെ വീട്ടിൽ എത്താത്തതിന്റെ പരിഭവം കാണും മഹതിക്ക്, നജീബ് കാർ പാർക് ചെയ്തു കാളിംഗ് ബെൽ അമർത്തി കാത്തു നിന്നു
പ്രതീക്ഷ തെറ്റിയില്ല വീർപ്പിച്ച മുഖവുമായി വാതിൽ തുറന്നു പ്രത്യക്ഷപെട്ടു നല്ല പാതി
അസ്സലാമു അലൈകും…
ഭാര്യയെ തണുപ്പിക്കാൻ നജീബ് സലാം പറഞ്ഞു
സുമയ്യ പതുക്കെ സലാം മടക്കി
"ഇന്ന് എവിടെ ആയിരുന്നു സാഹിബ് സാമൂഹിക സേവനം ?"
സുമയ്യ കൈ രണ്ടും കെട്ടി പോലീസ് സ്റ്റൈലിൽ ചോദ്യം ഉന്നയിച്ചു
നജീബ് : ഭവതി അല്പം മാറി നിന്നാൽ എനിക്ക് അങ്ങോട്ട് കേറാമയിരുന്നു
സുമയ്യ മാറി നിന്നു, നജീബ് അകത്തേക്ക് കയറി സോഫയിൽ ഇരുന്നു സോക്സ് ഊരുന്നു
സുമയ്യ: ഭവാൻ എവിടെ ആയിരുന്നു എന്ന് പറഞ്ഞില്ല
നജീബ്: സുമി അത് ഞാൻ അന്ന് പറഞ്ഞില്ലേ ഒരു അനാഥ ബാലന്റെ കഥ, അവന്റെ വീട് വരെ പോയി
നേരത്തെ അറിയുന്ന കാര്യമായത് കൊണ്ട് കൂടുതൽ പരിഭവമൊന്നും സുമയ്യ പറഞ്ഞില്ല, മാത്രമല്ല കാരുണ്യ പ്രവർത്തനങ്ങൾക്കു എന്നും അവൾ പിന്തുണ നൽകാറും ഉണ്ട്
"എന്താണ് അവരുടെ വീട്ടിലെ അവസ്ഥ ? വീട് പണി നടക്കുന്നുണ്ടോ ?"
സുമയ്യ ഭക്ഷണം വിളമ്പുന്നതിനിടയിൽ ചോദിച്ചു
നജീബ് : ഏയ് ... ഒന്നുമില്ല നിത്യവൃത്തി തന്നെ തട്ടിമുട്ടിയാണ്
സുമയ്യ: നിങ്ങൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ?
നജീബ് : ഞാൻ ഗൾഫിലെ സുഹൃത്തുക്കളുമായി സംസാരിച്ചു വീടിന്റെ പണിയും ടൈലറിംഗ് മെഷീനും ഏറ്റെടുത്തിട്ടുണ്ട്, നജീബ് വലിയ സന്തോഷത്തോടെ പറഞ്ഞു
സുമയ്യ: ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് പിണങ്ങുമോ ?
നജീബ് : എന്താണ് കാര്യം പറ
സുമയ്യ: അല്ലെങ്കിൽ വേണ്ട ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് സാവകാശം സംസാരിക്കാം
നജീബ് സംശയത്തോടെ അവളെ നോക്കി എന്നിട്ടു ഭക്ഷണം കഴിക്കൽ തുടർന്നു
ഇരുവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു , നജീബ് ചായ കപ്പുമായി സിറ്റിങ്ങിലേക്കു പോയി, സുമയ്യ പാത്രങ്ങൾ കഴുകി വെക്കാനും പോയി
അല്പം കഴിഞ്ഞപ്പോൾ സുമയ്യ സിറ്റിംഗ് റൂമിൽ വന്നു എതിർ വശത്തു ഇരുന്നു
സുമയ്യ: ഇക്ക ഈ വിഷയം പറഞ്ഞത് മുതൽ ഞാൻ ആ കുടുംബത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു, ആരുടെ കുടുംബത്തിലും സംഭവിക്കാവുന്ന ദുരന്തം
നജീബ് : അതെ...., നീ വിഷയം പറഞ്ഞില്ല
സുമയ്യ: വിഷയം തന്നെ ആണ് പറയുന്നത് ഇക്കാ, നമ്മുക്ക് അവർക്കു വേണ്ടി വേറെ എന്തെങ്കിലും ചെയ്താലോ ?
നജീബ് : കൂടുതലായി വേറെ ഒന്നും ചെയ്യണമെന്നില്ല, വീടും ജോലിയും ആയി കഴിഞ്ഞാൽ അവർ അല്ലലില്ലാതെ കഴിഞ്ഞു പൊയ്ക്കൊള്ളും
സുമയ്യ: അത് ശെരിയാണ്, ഞാൻ പറയുന്നത് നമ്മുക്ക് അവരെ ഇങ്ങോട്ടു കൂട്ടി കൊടുന്നലോ എന്നാണ്, നമ്മൾക്ക് മക്കൾ ഇല്ലാത്തതിനാൽ എനിക്ക് ഒരു കൂട്ടും ആയി
നജീബ് : ഏയ് അതിന്റെ ആവശ്യം ഇല്ല,
സുമയ്യ: എന്താ ഇക്ക… ഞാനിടെ കാലാകാലം ഒറ്റയ്ക്ക് കഴിയണം എന്നാണോ
നജീബ് : ഏയ് അങ്ങിനെ അല്ല, മക്കളെ വേണെങ്കിൽ ദത്തു എടുക്കലോ ?
സുമയ്യ: അങ്ങിനെ നമുക്ക് പറ്റുകയില്ലല്ലോ, അവർ പ്രായപൂർത്തിയായാൽ അന്യ പുരുഷനും അന്യ സ്ത്രീയും ആകില്ലേ ?
നജീബ് : നീ പറഞ്ഞു വരുന്നത് ?
നജീബ് നെറ്റി ചുളിച്ചു ചോദിച്ചു
സുമയ്യ: ഇക്കാക്ക് ഇനി കുട്ടികൾ ഉണ്ടാകില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത്, നമ്മുക്ക് ആണെങ്കിൽ ഒരിക്കലും പിരിയാനും ആകില്ല, അത് കൊണ്ട് …. സുമയ്യ ഒന്ന് നിറുത്തി
നജീബ് : അത് കൊണ്ട് ??? നജീബ് അവളെ സൂക്ഷിച്ചു നോക്കി
സുമയ്യ: അത് കൊണ്ട് ഇക്ക അവരെ നിക്കാഹ് ചെയ്തു ഇങ്ങോട്ടു കൂട്ടി കൊണ്ടുവരണം
നജീബ് : സുമീ... എന്താണ് നീ പറയുന്നത് ? ഒരു കുടുംബത്തെ സഹായിക്കാൻ പോയി അവരെ വിവാഹം കഴിക്കുകയോ ? സമൂഹത്തിൽ അല്പം വിലയൊക്കെ ഉള്ള ആളാണ് ഞാൻ, എന്നെ നാണം കെടുത്താനാണോ ഉദ്ദേശം
സുമയ്യ: രണ്ടാം വിവാഹം കഴിക്കുന്നത് നാണം കെട്ട പരിപാടിയാണോ?
നജീബ് : എന്നല്ല, നമ്മൾ ആ കുടുംബത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ അത് മതി ?
സുമയ്യ: ഇക്കാ ഇത് ആ കുടുംബത്തിന് മാത്രം വേണ്ടിയുള്ള കാര്യമല്ല നമ്മൾക്കും കൂടി വേണ്ട കാര്യമാണ് ഞാൻ പറയുന്നത്,
നജീബ് : വേണ്ട വേണ്ട, നന്നായി ആലോചിച്ചാണോ ഇതെല്ലാം പറയുന്നത് ?
സുമയ്യ: നന്നായി ആലോചിച്ചു തന്നെയാ പറയുന്നത്, അതിലൂടെ ആ കുട്ടികളുടെ പഠനം, രക്ഷാകർതത്വം, ആ സ്ത്രീക്ക് സുരക്ഷിതമായ ജീവിതം എല്ലാം പരിഹരിക്കപ്പെടും,
അതോടപ്പം ഇവിടെ എന്റെ ഒറ്റപെട്ടുള്ള ജീവിതം, മക്കളില്ലാത്ത വിഷമം തുടങ്ങിയ എല്ലാത്തിനും പരിഹാരം ആകും
നജീബ് : നീ പറയുന്നത് ഒക്കെ ശെരിയാണ്, എന്നാലും നിനക്ക് ഭർത്താവിനെ മറ്റൊരാൾ കൂടി അവകാശപെടുത്തുന്നത് ഉൾകൊള്ളാൻ കഴിയുമോ ?
സുമയ്യ: ഉൾകൊള്ളാൻ കഴിയും... ഒരു സ്ത്രീ നമ്മുടെ കുടുംബത്തിലേക്ക് വന്നു എന്ന് വെച്ച് ഇക്കാക്ക് എന്നോടുള്ള സ്നേഹം കുറയുകയൊന്നും ഇല്ല, എനിക്ക് തിരിച്ചും
നജീബ് : എന്തായാലും എനിക്ക് നന്നായി ആലോചിക്കണം, പിന്നെ പറയാം, നീ പോയി കിടന്നോ
കുറച്ചു ദിവസങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു കാര്യം പറഞ്ഞ ആത്മ നിർവൃതിയിൽ സുമയ്യ പോയി സുഖമായുറങ്ങി, നജീബ് ഒരോന് ആലോചിച്ചു വൈകി അവിടെ തന്നെ കിടന്നു നിദ്രയിലാണ്ടു
- - - - - - - - -- - - - - - - - - -
കാലത്തു സുബഹി ബാങ്ക് കേട്ടുണർന്നപ്പോൾ ആണ് ഭർത്താവ് ബെഡിൽ ഇല്ലന്ന് സുമയ്യക്ക് മനസ്സിലായത്, ഇങ്ങേരു ഇതെവിടെ പോയെന്നു ആശങ്കിച്ചു സിറ്റിംഗ് റൂമിൽ നോക്കിയപ്പോൾ അതാ അവിടെ കിടക്കുന്നു
സുമയ്യ: ഇക്കാ.. ഇക്കാ.. ഇതെന്താ ഇവിടെ കിടന്നതു
നജീബ് : ആ ഇരുന്ന് ഉറങ്ങി പോയതാ
നജീബ് വേഗം എഴുനേറ്റു പള്ളിയിലേക്ക് പോയി, തിരിച്ചു വന്നപ്പോൾ സുമയ്യ സുലൈമാനിയുമായി എത്തി “ഈദ് മുബാറക്” പെരുന്നാൾ ആശംസ അറിയിച്ചു ചായ കൊടുത്തു
നജീബ് : ഈദ് മുബാറക് ... ഇന്നലെ ചോദിക്കാൻ മറന്നു, പെരുന്നാൾ ആയിട്ടു മൈലാഞ്ചി ഇട്ടില്ലേ ?
സുമയ്യ: ഏയ് ഇട്ടില്ല, ഒറ്റയ്ക്ക് ഇടാൻ ഒരു മൂടില്ലായിരുന്നു
നജീബ് : സോറി ഞാൻ ഇന്നലെ വരാൻ വളരെ താമസിച്ചു
സുമയ്യ: സാരമില്ല ഒറ്റയ്ക്ക് ജീവിച്ചു ശീലിച്ചത് കൊണ്ട് സാരമില്ല,
അവളുടെ സ്വരത്തിൽ തനിച്ചാവുന്നതിന്റെ നോവ് അറിയാമായിരുന്നു
നജീബ് അവളെ നോക്കി, പറയാൻ മടിച്ച ഒരുപാടു വ്യെഥകൾ അവളുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്നതായി അയാൾക്ക് മനസ്സിലായി
സുമയ്യ: ഇന്നലെ പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിച്ചിരുന്നോ ?
നജീബ് : ചിന്തിച്ചിരുന്നു, പിന്നീട് അന്വേഷിക്കാം, അവരുടെ സമ്മതം കൂടി വേണമല്ലോ, എല്ലാം നിനക്ക് വേണ്ടി മാത്രം
സുമയ്യ: അങ്ങിനെ പറയരുത്, ഇതു നമ്മുക്ക് വേണ്ടിയാണു, പിന്നെ അവരുടെ സമ്മതം അത് ഞാൻ ഏറ്റു
നജീബ് : ശെരി, അവരുടെ ബന്ധു റഹൂഫ് നാട്ടിൽ ഉണ്ട് അവരോട് അന്വേഷിക്കാം, അല്ലെങ്കിൽ അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ നോക്കാം
സുമയ്യ: അത് പറ്റില്ല ഈ പ്രാവശ്യം തന്നെ ഇതു നടക്കണം അടുത്ത കൊല്ലം നിങ്ങളുടെ മനസ്സ് മാറിയാലോ , എത്ര കാലമാ ഈ തോട്ടവും കിളികളുമായി ഒറ്റക്ക് ജീവിതം നയിക്കുന്നത് ?
നജീബ് : ശെരി, നാളെ പോകാം
------------------------------------------
പെരുന്നാൾ നമസ്കാരവും സദ്യയും ഉച്ച മയക്കവും കഴിഞ്ഞു രണ്ടു പേരും സുമയ്യയുടെ വീട്ടിൽ പോയി, സുമയ്യ തന്നെ കല്യാണ കാര്യം അവളുടെ വീട്ടിൽ പറഞ്ഞു, ഉമ്മാക്ക് എതിർപ്പ് ഒന്നും ഉണ്ടായില്ല, ഉപ്പ ആദ്യം ഒന്ന് എതിർത്തെങ്കിലും ഒറ്റക്കുള്ള അവളുടെ ജീവിതത്തിൽ ഒരു കൂട്ടും സുരക്ഷിതവും ആകുമല്ലോ എന്നോർത്ത് അവർ സമ്മതിച്ചു
അടുത്ത ദിവസം അവിടുന്ന് നേരെ പോയത് നസീർ മുസ്ല്യാരുടെ വീട്ടിലേക്കാണ്, അവരോടു വിവരങ്ങളെല്ലാം പറഞ്ഞു, അതിനു ശേഷം മരണപ്പെട്ട റസാഖിന്റെ അകന്ന ബന്ധു റഹൂഫുമായി ഫോണിൽ ബന്ധപെട്ടു,
അദ്ദേഹം നാട്ടിൽ തന്നെ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം അടുത്ത ദിവസം എല്ലാവരും കൂടി അവിടെ നേരിട്ട് പോയി സംസാരിക്കാമെന്നു തീരുമാനമായി, അതിനു മുൻപ് ബന്ധു അവരോടു സംസാരിക്കാമെന്നും പറഞ്ഞു
- - - - - - - - - - - - - - - - - - -
അടുത്ത ദിവസം ബന്ധു റഹൂഫ് നജീബിനെ വിളിച്ചു രണ്ടു ദിവസം കഴിഞ്ഞു വൈകീട്ട് റഹൂഫിന്റെ വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടു
റഹൂഫ് പറഞ്ഞ ദിവസം നജീബും കുടുംബവും നസീർ മുസ്ലിയാരും കുടുംബവും റഹൂഫിന്റെ വീട്ടിലെത്തി, എല്ലാവരെയും റഹൂഫ് സന്തോഷത്തോടെ സ്വീകരിച്ചിരുത്തി
റഹൂഫ് : ഞാൻ റസിയെയും മക്കളെയും കാര്യങ്ങൾ എല്ലാം പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്, അവരെ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്, റസിയ ആദ്യം വിസമ്മതിച്ചെങ്കിലും മക്കളുടെ ഭാവി ഓർത്തു സമ്മതം തന്നതാണ്, അവർക്കു ബന്ധുക്കളായി ഞങ്ങൾ മാത്രമേ ഉള്ളു,
ഞങ്ങൾ വലിയ സാമ്പത്തിക നിലയുള്ളവർ അല്ല അത് കൊണ്ട് വളരെ ചുരുങ്ങിയ നിലയിൽ വൈകാതെ തന്നെ നികാഹ് നടത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
"അതാണ് നല്ലതു" നാസിർ മുസ്‌ലിയാർ ശരി വെച്ചു
റഹൂഫ് : നജീബ് എന്ത് പറയുന്നു?
നജീബ് : പ്രത്യേകിച്ച് ഒന്നും ഇല്ല, ഞങ്ങൾക്ക് മക്കൾ ഇല്ലാത്തതിനാൽ, ഭാര്യയുടെ നിർബന്ധം കൊണ്ടാണ്, ഞാൻ ഇക്കാര്യത്തിലേക്കു പുറപ്പെട്ടത്
റഹൂഫ് : എന്നാലും നിങ്ങൾ അവരുമായി തനിച്ചു സംസാരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ സംസാരിക്കാവുന്നതാണ്
നാസിർ മുസ്‌ലിയാർ: അത് വേണ്ടതാണ്, ഇനി മുതൽ അവരും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആകേണ്ടവർ അല്ലെ
അതെ ശെരിയാണ് നജീബ് വരൂ... റഹൂഫ് അവരെ ഹാളിലേക്ക് ക്ഷണിച്ചു, അവിടെ ഉണ്ടായിരുന്നവർ റസിയെയും മക്കളെയും തനിച്ചാക്കി മറ്റു റൂമുകളിലേക്ക് മാറി
നജീബ് : അസ്സലാമു അലൈകും
വാ അലൈകും സലാം റസിയ പതുക്കെ സലാം മടക്കി
നജീബ് : കാര്യങ്ങളെല്ലാം സുമയ്യ പറഞ്ഞല്ലോ, അവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഈ കാര്യത്തിന് തയ്യാറായത്, റസിയാക്ക് എന്റെ രണ്ടാമത്തെ ഭാര്യ ആകുന്നതിൽ വിഷമം എന്തെങ്കിലും ഉണ്ടോ?
റസിയ ഇല്ലെന്നു തലയാട്ടി
നജീബ് : റസിയാക്ക് പ്രത്യേകിച്ച് പറയാനോ ആവശ്യപ്പെടാനോ ഉണ്ടോ?
റസിയ: “പ്രത്യേകിച്ച് ഒന്നും ഇല്ല, എന്റെ മക്കളുടെ ഭാവിയാണ് ഞാൻ നോക്കുന്നത്, നല്ലവരായ നിങ്ങൾ അത് നല്ല രീതിയിൽ നോക്കുമെന്നു വിശ്വസിക്കുന്നു”
റസിയ മക്കളെ തന്നോട് ചേർത്ത് നിറുത്തി പറഞ്ഞു
നജീബ് : തീർച്ചയായും, ഇനി ഈ കുട്ടികൾ ഞങ്ങളുടെ കൂടെ മക്കളാണ്, സുമയ്യയും ഇവരെ നന്നായി നോക്കും, വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ?
റസിയ ഇല്ലെന്നു തലയാട്ടി
നജീബ് : ശരി... അള്ളാഹു തൗഫീഖ് ചെയ്താൽ അടുത്ത് തന്നെ നികാഹ് നടത്താം, അള്ളാഹു അനുഗ്രഹിക്കട്ടെ ...
റസിയ ആമീൻ പറഞ്ഞു, നജീബ് തിരിച്ചു സിറ്റിങ്ങിലേക്കു പോയി
റഹൂഫ് : അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങിനെയാ നജീബിന് ലീവ് എത്ര ഉണ്ട് ?
നജീബ് : രണ്ടാഴ്ചയെ ഉള്ളു
റഹൂഫ് : ഞങ്ങളുടെ സഹോദരി അവിടെ സുരക്ഷിത ആയിരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതോടപ്പം മക്കളുടെ ശോഭനമായ ഭാവിയും, ഞങ്ങൾക്ക് കൂടുതലായി ഒന്നും അന്വേഷിക്കാനില്ല, അപ്പോൾ അടുത്ത വെള്ളിയാഴ്ച, പള്ളിയിൽ വെച്ച് നികാഹ് നടത്താം എന്തെ ?
നജീബ് : കുഴപ്പം ഇല്ല, അത്യാവശ്യ കുടുംബങ്ങളെ എനിക്ക് വിളിക്കേണ്ടതുണ്ട്, അതിനാൽ പാർട്ടി ഞങ്ങളുടെ വസതിയിൽ വെച്ചാകാം
"ശെരി അങ്ങിനെ ആകട്ടെ..." എല്ലാവരും സമ്മതിച്ചു
അങ്ങിനെ നല്ലൊരു മംഗള കാര്യത്തിന് നാന്ദി കുറിച്ചു കൊണ്ട് എല്ലാവരും ഇറങ്ങി
നജീബ് അന്ന് തന്നെ ഗൾഫിലെ സുഹൃത്തുക്കൾക്ക് വിളിച്ചു വിവരങ്ങൾ അറിയിച്ചു
അനാഥ ബാലന്റെ കാര്യത്തിലേക്കു അവിടെ ഫണ്ട് പിരിക്കാൻ തീരുമാനിച്ചിരുന്നു
നജീബ് ആ ഫണ്ട് അനാഥാലയത്തിലേക്ക് കൊടുക്കണമെന്ന് പറഞ്ഞു സമ്മതിപ്പിച്ചു, ആ വിവരം കുഞ്ഞലവിക്കാട് അറിയിക്കുകയും ചെയ്തു
നിശ്‌ചയിച്ച പ്രകാരം വെള്ളിയാഴ്ച പള്ളിയിൽ വെച്ച് നിക്കാഹ് നടന്നു, ഒരാഴ്ചക്ക് ശേഷം നജീബ് ഗൾഫിലേക്ക് യാത്ര തിരിച്ചു
- - - - - - - - - - - - - - - - - - -
ആറു മാസങ്ങൾക്കു ശേഷം
ഞായറാഴ്ച പകൽ സമയം
മക്കൾ രണ്ടു പേരും വീട്ടിൽ തന്നെയുണ്ട്, സുമയ്യ നദീറമോൾടെ മുടി വൃത്തിയാക്കി കൊണ്ടിരിക്കുന്നു, ഇടക്ക് സ്നേഹപൂർവ്വം ശാസിക്കുന്നുണ്ട്, റസിയയും മക്കളും നജീബിന്റെ കുടുംബത്തിൽ വന്നത് മുതൽ സുമയ്യ ആണ് മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്
നബീൽ മോൻ പുതുതായി വാങ്ങിയ സൈക്ലിൽന്മേൽ മുറ്റത്തു ചവിട്ടി പഠിക്കുകയാണ്, സൈക്കിളുമായി പുറത്തേക്കു പോകാൻ ധൈര്യമില്ല,
റൗണ്ട് അടിച്ചു കൊണ്ടിരിക്കെ അവിടെ കിടന്ന മടലിൽ ടയർ വഴുതി ഒന്ന് വീണു, കാലിൽ നിന്ന് തൊലി നീങ്ങി രക്തം വന്നു, വീണ ശബ്ദം കേട്ട് സുമയ്യ ഓടി ചെന്ന് മോനെ താങ്ങി കൊണ്ട് വന്നു, വേദന കൊണ്ട് അവൻ കരച്ചിലും തുടങ്ങി
പുറത്തെ ഈ ബഹളം കേട്ടാണ് ഭക്ഷണം പാചകം ചെയ്തിരുന്ന റസിയ അവിടേക്കു വന്നത്, സുമയ്യ അകത്തു നിന്ന് മരുന്ന് കൊടുന്നു മുറിവിൽ ഇടുന്നുണ്ട് ,
"ഞാൻ അന്നെ ഇക്കാട് പറഞ്ഞതാ മോന് ഇപ്പോൾ സൈക്കിൾ വേണ്ടാന്ന്" റസിയ പരിതപിച്ചു
“സാരമില്ല ഇത്താ... മരിച്ചു പോയ റസാഖ് ഇക്കയുടെ ആഗ്രഹമായിരുന്നല്ലോ മോന് സൈക്കിൾ വാങ്ങിച്ചു കൊടുക്കാനും മോൾക്ക് അക്കോറിയവും അത് രണ്ടും വേടിക്കണമെന്ന് ഞാനാ ഇക്കാട് പറഞ്ഞത്, ഇവർക്കല്ലാതെ മറ്റാർക്കാ നമ്മൾ ചിലവാക്കേണ്ടത്
അത് കേട്ടപ്പോൾ സൈക്ലിൽന്മേൽ നിന്ന് വീണു വേദനിച്ചെങ്കിലും നബീൽ മോന് സന്തോഷമായി, അവൻ പുഞ്ചിരിച്ചു
നല്ല പതിനാലാം രാവിൻറെ ചേലുള്ള പുഞ്ചിരി
- ശുഭം -

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ