ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം
ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം
(സമ്പൂർണ നോവൽ)
സിദ്ധിഖ് എ പി - കുഴിങ്ങര
സ്വകാര്യ നൊമ്പരം
1989 ബാച്ച് സ്കൂൾ കാലഘട്ടം, വേനൽച്ചൂടിനെ കവച്ചു വെക്കുന്ന വാർഷിക പരീക്ഷയുടെ ചൂടിലാണ് അധ്യാപകരും കുട്ടികളും, പഠിപ്പിസ്റ്റുകളായ കുട്ടികൾ പഠനത്തിൽ മുഴുകി പുസ്തക പുഴുക്കളായി മാറി കഴിഞ്ഞു,
ഒരു ചടങ്ങിന് വേണ്ടി സ്കൂളിൽ പോകുന്ന എന്നെ സംബന്ധിച്ചിടത്തോളം പരീക്ഷ ഒരു വിഷയമേ അല്ല, എന്റെ മനസ്സിനെ നൊമ്പരപെടുത്തുന്നത് വേറെ ചില കാര്യങ്ങളാണ്,
ഒന്നാമത്തെ വിഷമം വര്ഷങ്ങളോളം കൂടെ പഠിച്ച ധാരാളം കൂട്ടുകാരും കൂട്ടുകാരികളും ഈ സ്കൂളിനോട് വിട പറയുകയാണ്,
അവരെ പിന്നെ കാണുക അപൂർവ്വമായിരിക്കും, ഓർമയിൽ സൂക്ഷിക്കാൻ ഓട്ടോഗ്രാഫ് മാത്രം ആശ്രയം,
രണ്ടാമത്തെ വിഷമം ഞാൻ മാത്രം അറിയുന്ന ഒരു സ്വാകാര്യ നൊമ്പരമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു എട്ടാം ക്ലാസ്സുകാരി ആയിഷയാണ്
മനസ്സിൽ അവൾ കൂടുകൂടിയിട്ടു ഒരു വർഷമായിട്ടുണ്ടാവും, എന്നാൽ ഇതു വരെ അവളോട് ഇഷ്ടം അറിയിക്കാൻ പറ്റിയില്ല,
രാവിലെ സ്കൂളിൽ പോകുമ്പോഴും സ്കൂൾ വിട്ടു വരുമ്പോഴും മാത്രം ആണ് ആകെ ആയിഷയെ കാണാൻ കിട്ടുക, അതും കാടാമ്പുള്ളി പാടം മുതൽ
സ്കൂളിലേക്കുള്ള പോക്കുവരവ് എന്നും നടന്നാണ്, കലപില കൂട്ടുന്ന പെൺപടയുടെ കൂട്ടത്തിൽ മൗനിയായി മുഖം താഴ്ത്തിയാണ് എപ്പോഴും ആയിഷയെ കാണുക,
കൂട്ടത്തിൽ അവളെക്കാൾ നിറവും സൗന്ദര്യവും ഉള്ള കുട്ടികൾ ഉണ്ടായിരുന്നെങ്കിലും എന്തോ ആയിഷയെ ആണ് എനിക്ക് ഇഷ്ടം തോന്നിയത്, എന്തോ വ്യഥ അവളുടെ മുഖത്തു ദൃശ്യമായിരുന്നു
ആയിഷാടെ ക്ളാസിൽ തന്നെയാണ് അമ്മായിയുടെ മകൾ നദീറ പഠിക്കുന്നത്, ആയിശാനെ കുറിച്ച് ആ കാന്താരിയോട് അന്വേഷിച്ചാൽ നൂറ് ചോദ്യങ്ങൾ എതിരിടേണ്ടി വരും,
എന്നാലും സാരമില്ല, വേറെ നിവർത്തിയില്ല നദീറയെ കാണാം...
ഷമീർ തീരുമാനിച്ചു.
അന്നത്തെ ക്ളാസ് കഴിഞ്ഞു വീട്ടിൽ എത്തിയതും പുസ്തകങ്ങളെല്ലാം വീട്ടിൽ വെച്ച് ഷമീർ അമ്മായിയുടെ വീട്ടിലേക്കു പുറപ്പെട്ടു, കുറച്ചു നടക്കാനുണ്ട് അവിടേക്കു, വാതിൽ തുറന്നതു അമ്മായി ആണ്
"അല്ല ആരാ ഷമീറോ ? നിന്നെ ഈ വഴിക്കു ഒന്നും കാണാനില്ലല്ലോ" അമ്മായി പരിഭവം പറഞ്ഞു
"പത്താം ക്ലാസ്സിലല്ലേ അമ്മായി കുറെ പഠിക്കാനുണ്ട്" കള്ളം ശീലിച്ചത് കൊണ്ട് ഒട്ടും ശങ്കിച്ചില്ല
"നദീറ എന്ത്യേ അമ്മായി?"
"അവൾ റൂമിൽ കാണും പഠിക്കുകയായിരിക്കും"
പഠനത്തിൽ തന്നെയാണ് കാന്താരി, ഇവളെന്തിനാ ഇങ്ങിനെ പഠിക്കുന്നത് ജില്ല കളക്റ്റർ അവനാണോ ? ഷമീർ തന്നോട് തന്നെ ചോദിച്ചു
"ഷെമീർക്ക എന്താണ് പതിവില്ലാതെ ഈ വഴിക്കു ?"
"ഓ ഒന്നുമില്ല"
"അത് ചുമ്മാ, എന്താ കാര്യം പറ "
ഷമീർ ചുറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി ചോദിച്ചു
"അത് നിന്റെ ക്ളസ്സിൽ പഠിക്കുന്ന ഒരു കുട്ടിയില്ലേ? "
" എന്റെ ക്ലാസ്സിൽ ഒരു പാട് കുട്ടികൾ ഉണ്ട് "
" അതല്ലെടി… ഒരു ഇരു നിറമുള്ള പെൺകുട്ടി "
" ജമീലയാണോ തടിച്ച ?"
" അല്ല ... മെലിഞ്ഞിട്ടാണ് ഒരു മിണ്ടാപ്പൂച്ച "
"ഓ ആയിഷ ... അവൾ എന്റെ അടുത്ത കൂട്ടുകാരിയാണ് എന്ത് പറ്റി"
" ഒന്നും പറ്റിയില്ല, അവളെ പറ്റി അറിയാനാ..."
" മ്മ്.... മനസ്സിലായി മോനെ... "
" ഡീ ... പതുക്കെ അമ്മായി കേൾക്കും "
" അവൾ അതികം നിറമില്ലല്ലോ ?"
" നിറം സാരമില്ല, ആള് എങ്ങനെ ?"
" പാവമാണ്, അധികം സംസാരിക്കില്ല മിണ്ടാപ്പൂച്ച"
" മിണ്ടാപ്പൂച്ച കലം ഉടക്കും എന്ന് കേട്ടിട്ടുണ്ട് ഇവൾ അങ്ങിനെ ആണോ ? "
"ദേ... ഷമീർക്ക ഇവൾ അങ്ങിനെ അല്ല ! എന്റെ ഫ്രണ്ടാ "
" അത് കൊണ്ടാ ചോദിച്ചത് " ഷമീറും വിട്ടു കൊടുത്തില്ല
" ഹും... അതിരിക്കട്ടെ, എന്നാ അവളോട് മുഹബത്ത് തോന്നിയത് "
"തുടങ്ങിയിട്ട് കുറച്ചായി... നിന്നോട് പറഞ്ഞില്ല എന്നുള്ളു "
" അവളോട് പറഞ്ഞോ ? "
" ഇല്ല "
"പിന്നെ ?"
"അതിനല്ലേ നീ, നേരിൽ പറയാൻ ഒരു ചമ്മൽ "
" ഓ പിന്നെ എനിക്കതല്ലെ പണി..."
കാന്താരി ഗൗരവം പൂണ്ടു
"ഷെമീർക്ക പിന്നെ ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം പാവപെട്ട കുട്ടികളെ മോഹിപ്പിച്ചു പറ്റിക്കരുത് "
" ഏയ് അതില്ല, ഞാൻ അങ്ങിനെ ചെയ്യോ ? "
" ഹും... എന്നാൽ ഞാനൊന്നു ആലോചിക്കട്ടെ ..."
കാന്താരിക്ക് ഒടുക്കത്തെ ജാഡ, ഇവളാരാ കൊച്ചിരാജാവിന്റെ കൊച്ചുമോളോ? ഷമീർ ആത്മഗതം ചെയ്തു
" ഷമീർ ഇപ്പ്രാവശ്യം പത്താം ക്ളാസ്സു ജയിക്കില്ലേ ?"
അമ്മായി ചായയുമായി വന്നു
"പഠിക്കുന്നുണ്ട് അമ്മായി"
"വെറുതെ ആണുമ്മ... ഷമീർക്ക കറങ്ങി നടക്കുകയാണ്"
കാന്താരി നദീറ ഇടപെട്ടു
അമ്മായി പുഞ്ചിരിച്ചു
"പത്തിൽ തോറ്റാൽ പിന്നെ വല്ലിക്കാടെ തടിമില്ലിൽ നിർത്തും നിന്നെ"
"പടച്ചോനെ... എന്നാൽ ഉടനെ അതും പൂട്ടും"
നദീറ കളിയാക്കി
" ഇവളെ ഞാൻ ... "
ഷമീർ കയ്യോങ്ങി
" അമ്മായി ഞാൻ ഇറങ്ങട്ടെ ... മാമ വിളിക്കുമ്പോൾ എന്റെ സലാം പറയണം "
" പറയാം മോനെ, നേരം ഇരുട്ടി ടോർച്ചു കൊണ്ട് പൊയ്ക്കോ, നാളെ നദീറാടെ കയ്യിൽ ഏൽപ്പിച്ചാൽ മതി "
അമ്മായി ടോർച്ചുമായി വന്നു
അമ്മായിയുടെ വീട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി,
മനസ്സിൽ ഒരു വർഷത്തോളം അടക്കി വെച്ച ഒരാഗ്രഹം ഇന്നാണ് ഒരാളോടെങ്കിലും പറയുന്നത്
നദീറ നാളെ ആയിഷയോടു പറയുമായിരിക്കും, അതോർത്തപ്പോൾ മനസ്സിൽ ആകാംഷയും ഒപ്പം ആശങ്കയും വന്നു,
രാത്രി ഓരോന്ന് ചിന്തിച്ചു കിടന്നു വൈകിയാണ് ഉറങ്ങിയത്
കാത്തിരിപ്പ്
രാത്രി വൈകിയാണ് ഉറങ്ങിയതെങ്കിലും ഷമീർ പുലർച്ചെ തന്നെ എണീറ്റു, എന്നും വൈകി എണീറ്റു തിരക്കുകൂട്ടി പോകാറുള്ള ആള് നേരത്തെ ഒരുങ്ങിയത് കണ്ടപ്പോൾ അനിയത്തി സാബിറക്കു സംശയം
"ഇന്ന് എന്തുപറ്റി നേരത്തെ റെഡി ആണല്ലോ... ആരെങ്കിലും കാണാമെന്നു പറഞ്ഞിട്ടുണ്ടോ?"
"പോടീ... നിന്റെ പോലെയല്ല ഞാൻ പത്തിലാ... കുറെ പഠിക്കാനുണ്ട്" അവളുടെ ഒടുക്കത്തെ സംശയം
അവളുമായി കൂടുതൽ വഴക്കിനു ഷമീർ നിന്നില്ല، വേഗം സ്കൂളിലേക്ക് പുറപ്പെട്ടു,
പ്രഭാതത്തിനു നല്ല കുളിർമ, പ്രകൃതി കൂടുതൽ വർണങ്ങൾ അണിഞ്ഞ പോലെ, കാറ്റിന്റെ താളത്തിനനുസരിച്ചു മരങ്ങൾ സംഗീതം പൊഴിക്കുന്ന പോലെ...
പ്രകൃതിഭംഗി ആസ്വദിച്ച് കൊണ്ട് ഷമീർ നേരത്തെ സ്കൂളിലേക്ക് നടന്നു, നദീറാനെ പോയി കാണണം, വിവരങ്ങൾ അവൾ ആയിഷാട് പറഞ്ഞിട്ടുണ്ടാവും, എന്തായാലും ഇന്റർവെൽ സമയം ലാസറേട്ടന്റെ കടയിൽ വരും അവിടെ വെച്ച് കാണാം,
സമയം ഇഴഞ്ഞാണ് പോകുന്നത് രണ്ടു പീരീഡ് കഴിയാൻ ഒരു പാട് നേരം എടുത്തത് പോലെ, ബെല്ലടിച്ചതും ഷമീർ തിരക്കിട്ടു പുറത്തിറങ്ങി, നേരെ ലാസറേട്ടന്റെ കടയിലേക്ക് വലിഞ്ഞു നടന്നു,
നദീറ എത്തിയിട്ടില്ല, അല്പം താമസിച്ചാണ് വന്നത്
"എന്തായി കാര്യങ്ങൾ പറഞ്ഞോ ?" ഷമീർ ആകാംഷാഭരിതനായി"
"ഇല്ല ഷമീർക്ക, അവളെ തനിച്ചു കിട്ടിയില്ല, ഞങ്ങൾ ഒരുമിച്ചാണ് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്നത് അപ്പോൾ പറയാം"
"ഓക്കേ , ഇനി പറയാൻ പറ്റിയില്ലെങ്കിൽ ഈ എഴുത്തു കൊടുത്താൽ മതി"
ഷമീർ തന്റെ പോക്കറ്റിൽ നിന്ന് നാലായി മടക്കിയ കത്ത് അല്പം കാണിച്ചു
"വേണ്ട ഷമീർക്ക, ടീച്ചറുടെ കയ്യിൽ കിട്ടിയാൽ പ്രശ്നമാണ്, ഞാൻ പറഞ്ഞോളാം"
"എന്നാൽ ശരി നമ്മുക്ക് ഉച്ചക്ക് കാണാം"
"ഉച്ചക്കല്ല, വൈകീട്ട് ഇന്റെർവെല്ലിനു.... ഈ ഷമീർക്കാടെ ഒരു കാര്യം"
മുഖത്തെ ജ്യാള്യത ഗൗരവം കൊണ്ട് മറച്ചു ഷമീർ ക്ളാസിൽ പോയി,
സമയം വീണ്ടും ഇഴഞ്ഞു നീങ്ങി, ഉച്ച ഭക്ഷണത്തിനുള്ള ബെൽ അടിച്ചു ... ഒപ്പം ഷമീറിന്റെ മനസ്സിൽ ഉദ്യോഗജനകമായി പെരുമ്പുറയും,
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ക്ലാസിൽ ഇരുപ്പുറക്കുന്നില്ല, ക്ലാസ് കൂടാൻ ഇനിയും സമയം ഉണ്ട് നദീറയും അയിഷയും പതിവായി ഇരിക്കാറുള്ള വരാന്തയുടെ പരിസരത്തു കൂടെ ഒന്ന് പോയാലോ ? മുടിയെല്ലാം ചീകി റെഡിയാക്കി ക്ലാസിൽ നിന്ന് ഇറങ്ങി...
അവിടെ ചെന്നപ്പോൾ വരാന്ത ശൂന്യം, ശെടാ... രണ്ടും കൂടി എവിടെ പോയി? ഇനിയിപ്പോൾ അമ്പല കുളത്തിന്റെ അടുത്ത് പോയിട്ടുണ്ടാവോ ?
ശരിയാ... ചിലപ്പോൾ രഹസ്യമായി പറയാൻ വേണ്ടി നദീറ കൊണ്ട് പോയി കാണും, എന്തായാലും വൈകീട്ട് ഇന്റെർവെല്ലിനു കാണാം,
ഷമീർ സ്വയം സമാധാനിച്ചു തിരിച്ചു നടന്നു
ഇന്റെർവെല്ലിനു ബെല്ലടിച്ചപ്പോൾ നദീറ കാണാമെന്നു പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി അക്ഷമനായി നടന്നു, എന്നാൽ അവിടെയും അവളെ കാണുന്നില്ല ,
എന്ത് പറ്റി? ഇനി എന്ത് ചെയ്യും? സ്കൂൾ വിട്ടു പോകുമ്പോൾ ചോദിക്കാനും പറ്റില്ല، ഒരു കാര്യം ചെയ്യാം അമ്മായി തന്ന ടോർച്ചു തിരിച്ചു കൊടുക്കാനൊന്നും പറഞ്ഞു അവിടെ പോകാം
സ്കൂൾ വിട്ടു വീട്ടിൽ എത്തിയതും ടോർച്ചുമായി അമ്മായിയുടെ വീട്ടിലേക്കു പുറപ്പെട്ടു, നദീറ മുറ്റത്തു തന്നെയുണ്ട്, ആടിന് വെള്ളം കൊടുക്കുകയാണ്
"ഷമീർക്കയോ കയറി ഇരിക്ക്"
"ഇരിക്കുന്നില്ല, ഇരുട്ടുന്നതിനു മുൻപ് പോണം... അമ്മായി എന്ത്യേ?"
"ഉമ്മ കിച്ചണിൽ ആണ്"
" നീ ആയിഷയോടു വിവരം പറഞ്ഞോ ? സ്കൂൾ വിട്ടു വരുമ്പോൾ രണ്ടുപേരെയും കണ്ടില്ല" ഷമീർ പതുക്കെ ചോദിച്ചു
"അത്... ഇന്ന് രാവിലെ മുതൽ ആയിശക്കു വയർവേദന ഉണ്ടയിരുന്നു.. വേദന കൂടിയപ്പോൾ അവൾ ടീച്ചറോട് വീട്ടിൽ പോകണമെന്ന് പറഞ്ഞു"
"എന്നിട്ടു ? "
"ടീച്ചർ എന്നോട് പറഞ്ഞു അവളെ കൂടെ പോകാൻ അതാ നേരത്തെ പോന്നത്"
"നീ അവളോട് എന്റെ കാര്യം പറഞ്ഞോ ?"
"കൊള്ളാം... ഇഷ്ടം പറയാൻ പറ്റിയ സമയം, നാളെ പറയാം ഷമീർക്ക"
"നിന്റെ ഒരു കാര്യം .... ഇനി അവളോട് കാര്യം പറഞ്ഞിട്ട് എന്നെ കണ്ടാൽ മതി ... ഞാൻ പോണു" ഷമീർ നിരാശനായി മടങ്ങി
------------------------------
അടുത്ത ദിവസം സ്കൂളിൽ പോകുമ്പോൾ പെണ്പടയുടെ കൂട്ടത്തിൽ ആയിഷനെ കണ്ടില്ല!
എന്ത് പറ്റി അവൾക്കു ?...
മനസ്സിൽ ആധിയായി, ക്ലാസ് തുടങ്ങുന്നതിനു മുൻപ് ഷമീർ നദീറാടെ അടുത്ത് പോയി,
"ഷമീർക്ക ഇനിയും കാത്തിരിക്കേണ്ടി വരും ..." നദീറ പുഞ്ചിരിയോടെ പറഞ്ഞു
"എന്ത് പറ്റി ?" ഷമീർ നെറ്റി ചുളിച്ചു
"അവൾ വലിയ കുട്ടിയായി.... ഇനി കുറച്ചു ദിവസം കഴിഞ്ഞേ അവൾ സ്കൂളിൽ വരികയുള്ളു"
"ശൊ ... വല്ലാത്ത ചതിയായി പോയി"
"ഓ അതൊക്കെ ഉണ്ടാവും .... സ്നേഹം ആത്മാർത്ഥമാണെങ്കിൽ കുറച്ചു കാത്തിരിക്കേണ്ടി വരും"
"കുറച്ചല്ല അവൾക്കു വേണ്ടി എത്രയും ഞാൻ കാത്തിരിക്കുമെടി" ഷമീർ വീമ്പു പറഞ്ഞു
"എന്നാലേ... മോൻ പോയിരുന്നു പഠിച്ചേ കൊല്ല പരീക്ഷ വരികയല്ലേ ?... കുട്ടികൾ നമ്മൾ സംസാരിക്കുന്നതു കണ്ടാൽ തെറ്റിദ്ധരിക്കും"
ഷമീർ നിരാശനായി മടങ്ങി, നദീറാടെ മുന്നിൽ ഡയലോഗടിച്ചു എങ്കിലും ആയിഷനെ കുറച്ചു ദിവസത്തിന് കാണാൻ കഴിയില്ല എന്നോർത്തപ്പോൾ മനസ്സിൽ ഒരു വിഷമം,
ഷമീർ പഠനത്തിൽ ശ്രദ്ധ കൊടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, ദിവസങ്ങൾക്കു വലിയ ദൈർഗ്യം, രണ്ടാഴ്ച രണ്ടു മാസത്തെ സമയം എടുത്തപോലെ... അടുത്ത ആഴ്ച അവൾ വരുമായിരിക്കും ഷമീറിന്റെ മനസ്സിൽ വീണ്ടും മോഹങ്ങൾ വന്നു തുടങ്ങി..,
നദീറാനെ ഒന്ന് കൂടി ഓര്മിപ്പിക്കണോ... അവൾ മറന്നു കാണുമോ? ഇപ്പോൾ നദീറ ലാസറേട്ടന്റെ കടയിൽ പോയിക്കാണും, ഷമീർ തിടുക്കത്തിൽ കടയിലേക്ക് നടന്നു.. ഊഹം തെറ്റിയില്ല ദേ വരുന്നു കാന്താരി
"എവിടെ പോയി തമ്പുരാട്ടി ?"
"കടയിലേക്ക് ... പുളിയച്ചാർ വാങ്ങിക്കാൻ എന്തെ?" യാതൊരു കൂസലുമില്ല
"ഓരോന്ന് കഴിച്ചു വയറു കേടാക്കിക്കൊ" ഷമീർ ഒരു നിമിഷം കുടുംബത്തിലെ കാർന്നോരായി ചമഞ്ഞു.
"ഷമീർക്കാക്ക് വേണോ ?"
"ഹും.... എന്തായാലും വങ്ങിയില്ലേ താ ഒരണ്ണം"
"ആ കിട്ടിയത് തന്നെ.. അതേയ് വയറു കേടാവും,
ഹും പാവല്ലേ ഇന്നാ..." ഒരണ്ണം വെച്ച് നീട്ടി... കാന്താരിയുടെ ഔദാര്യം
"അതിരിക്കട്ടെ... ഷമീർക്ക എന്തിനാ വന്നത് ?"
"അത് .... ഒന്നുമില്ല" ഷമീറിന് വിഷയം പറയാൻ ഒരു ചമ്മൽ
"എനിക്കറിയാം ... ആയിഷ വരാറായി അതല്ലേ ?"
"അതെ... വർഷങ്ങൾ ആയുള്ള ഒരു ഇഷ്ടമാണ്" ഷമീർ ശബ്ദം താഴ്ത്തിപ്പറഞ്ഞു. ബെല്ലടിച്ചു രണ്ടുപേരും പിരിഞ്ഞു.
അങ്ങിനെ തിങ്കളാഴ്ച വന്നണഞ്ഞു, ഷമീർ നന്നായി ഒരുങ്ങി സ്കൂളിലേക്ക് പുറപ്പെട്ടു, കാടാമ്പുള്ളി പാടത്തു എത്തിയപ്പോൾ ശരത്കാല തെന്നൽ അവനെ തഴുകി കടന്നു പോയി...
ദൂരെ നിന്ന് പെൺപട വരുന്നത് കാണാനായി, കൂട്ടത്തിൽ ആയിഷ ഉണ്ടന്ന് ബോധ്യം വരുത്തി, നെഞ്ചിടിപ്പോടെ വേഗത്തിൽ ഷമീർ സ്കൂളിലേക്ക് നടന്നു,
ക്ളാസ്സിലെത്തി പതിവിനു വിപരീതമായി പുസ്തകം എടുത്തു മറിച്ചു നോക്കി നല്ലപിള്ള ചമഞ്ഞു ഇരുന്നു.
പിണക്കം
നദീറ ഇന്ന് ചെറിയ ടെൻഷനിൽ ആണ്, ഷമീർക്കാടെ ഇഷ്ടം എങ്ങിനെ ആയിഷയോട് പറയും എന്നോർത്ത്,
അവളാണെങ്കിൽ ഇന്റെർവെല്ലിനു പോലും പുറത്തു പോകാതെ കഴിഞ്ഞ രണ്ടാഴ്ചത്തെ പാഠങ്ങൾ എഴുതി എടുക്കുകയാണ്,
ഇനി എപ്പോഴാണ് അവളെ ഫ്രീ ആയി കിട്ടുക എന്നറിയില്ല, എന്തായാലും ഉച്ചക്ക് ഭക്ഷണം കഴിഞ്ഞതിനു ശേഷം സംസാരിക്കാം നദീറ കണക്കൂട്ടി ഇരുന്നു.
പതിവ് പോലെ ഉച്ച ഭക്ഷണത്തിനു ബെല്ലടിച്ചു, ദിവസവും അവർ ഒരുമിച്ചു തന്നെയാണ് ഭക്ഷണം കഴിക്കാറ്, ആയിഷയുടെ പാത്രത്തിൽ വിഭവങ്ങൾ കുറവായിരിക്കും, നദീറ തന്റെ പത്രത്തിലുള്ള വിഭവങ്ങൾ ആയിഷക്കു പങ്കുവെക്കാറുണ്ട്,
പകരമായി ഒന്നും അവളുടെ പാത്രത്തിൽ ഉണ്ടാവില്ലങ്കിലും, എന്നാൽ ക്ലാസിൽ എന്തെങ്കിലും മനസ്സിലാവാത്തത് ഉണ്ടെങ്കിൽ ആയിഷ മനസ്സിലാക്കി തരും,
"ആയിഷ വാ എനിക്കൊരു കാര്യം പറയാനുണ്ട് "
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ നദീറ ആയിഷയോടു പറഞ്ഞു
" എനിക്ക് കുറെ എഴുതാനുണ്ട്... എന്താ കാര്യം"
"പേർസണൽ ആണ്.... വാ പറയാം "
അടുത്ത് ആളുകളൊന്നും ഇല്ലന്ന് ബോധ്യം ആയപ്പോൾ നദീറ ചോദിച്ചു
"ആയിഷ പത്തു സി യിൽ പഠിക്കുന്ന ഷമീർക്കാനേ കണ്ടിട്ടുണ്ടോ ?"
"ഞാൻ ശ്രദ്ധിച്ചില്ല ... എന്തെ ? "
"ഷമീർക്കാക്ക്..." നദീറ ഒന്ന് നിറുത്തി, പറയാൻ ഒരു പേടി
"ഷമീർക്കാക്ക്...??" ആയിഷ നദീറനെ നോക്കി
"നിന്നെ ഇഷ്ടമാണെന്നു പറഞ്ഞു"
ആയിഷ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
തന്നെ ഒരാൾ ഇഷ്ടപെടുന്നുണ്ടന്നറിഞ്ഞപ്പോൾ ആയിഷാക്ക് വല്ലാത്ത അസ്വസ്ഥത ആണ് തോന്നിയത് ഒപ്പം നദീറയോട് വല്ലാത്ത ദേഷ്യവും,
"നീ എന്ന് മുതലാണ് നദീറ ദല്ലാൾ പണി തുടങ്ങിയത് ?"
ആയിഷ ദേഷ്യത്തോടെ ചോദിച്ചു.
"ദല്ലാൾ പണിയോ ? ആയിഷാ... ഷമീർക്ക ഒരു കാര്യം ഏല്പിച്ചു അത് നിന്നോട് പറഞ്ഞു എന്ന് മാത്രം"
നദീറ തന്റെ നിരപരാധിത്യം അറിയിച്ചു,
"വല്യ കാര്യമായി പോയി... എനിക്ക് കേൾക്കണ്ട.. എന്നോട് മിണ്ടണ്ട"
ആയിഷ പിണങ്ങി
"ഷമീർക്ക അതിനു മോശമായി ഒന്നും പറഞ്ഞില്ലല്ലോ ? ഇഷ്ടം അറിയിച്ചു എന്നല്ലേയുള്ളു ?"
"നദീറാ... ഇനി നിന്നോടുള്ള കൂട്ട് ഇല്ല ഞാൻ പോണു" ആയിഷ ക്ളാസ്സിലേക്ക് പോയി
നദീറ ആകെ ആശയ കുഴപ്പത്തിലായി, ഒരു ഭാഗത്തു പിണങ്ങിയ തന്റെ ഇഷ്ട കൂട്ടുകാരിയും മറു ഭാഗത്തു മറുപടിക്കായി ദിവസങ്ങളോളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷമീർക്കയും, എന്തായാലും ഇന്ന് ഷമീർക്കാനേ കാണണ്ട, നദീറ തീരുമാനിച്ചു.
കലാലയ ജീവിതത്തിൽ അദ്യമായിട്ടാണ് രണ്ടു പേരും പിണങ്ങുന്നത്, രണ്ടു പേരും ഒരേ ബഞ്ചിൽ അടുത്തടുത്ത് തന്നെയാ ഇരിക്കുന്നത്, രണ്ടു പേരും നല്ല കൂട്ടും ആയിരുന്നു...
അത് കൊണ്ട് തന്നെ മിണ്ടാതിരിക്കുന്നതിൽ വല്ലാത്ത വീർപ്പുമുട്ടൽ, ഒന്ന് രണ്ടു തവണ നദീറ അറിയാത്ത പോലെ ആയിഷയെ കൈ മുട്ടുകൊണ്ട് തട്ടി നോക്കി... പ്രതികരണം ഒന്നും ഇല്ല,
എന്ത് പടപ്പാ ഇതു ? നദീറ ചിന്തിച്ചു, നദീറ അവളൂടെ മുഖത്തേക്ക് നോക്കുമ്പോൾ ആയിശ ദേഷ്യത്തോടെ മുഖം തിരിച്ചു, നദീറാടെ മിഴികൾ ഈറനണിഞ്ഞു... ആരും കാണാതെ അവൾ കണ്ണ് തുടച്ചു
ആയിഷ അതൊന്നും ഗൗനിക്കുന്നേയില്ല,
സ്കൂൾ വിട്ടു പോകുമ്പോഴും ആയിശ മിണ്ടിയില്ല, അന്നത്തെ ദിവസം അങ്ങിനെ കടന്നു പോയി,
പിറ്റേന്ന് സ്കൂളിലേക്ക് വരുമ്പോൾ നദീറ ആയിഷാനെ മൈൻഡ് ചെയ്തില്ല,
'എന്നോട് മിണ്ടാത്തവരോട് ഞാനും മിണ്ടില്ല!' അവൾ തീരുമാനിച്ചു, സ്കൂൾ എത്താറായപ്പോഴാണ് കൂടെ വരുന്ന ചിലർക്ക് ഇവരുടെ പതിവില്ലാത്ത മൗനത്തിൽ എന്തോ ഒരു പന്തികേട് തോന്നിയത്,
"എന്ത് പറ്റി നദീറാ... ആയിഷാ... രണ്ടുപേരും ഒരു മൗനം? വല്യ സൗന്ദര്യ പിണക്കം എന്തെങ്കിലും?"
ഒൻപതിൽ പഠിക്കുന്ന ബിന്ദുവാണ് ചോദിച്ചത്
രണ്ടു പേരും ഒന്നും മിണ്ടിയില്ല.
"എന്തായാലും സ്കൂൾ എത്താറായി... വൈകുംനേരം വരെ സമയം തരും അതിനുള്ളിൽ മിണ്ടിക്കൊള്ളണം ട്ടോ"
ബിന്ദു താകീത് നൽകി,
ക്ളാസിൽ എത്തിയതും പുസ്തകങ്ങൾ ഡസ്കിന്മേൽ വെച്ച് നദീറ വരാന്തയിൽ പോയി നിന്നു, ക്ലാസ്സ് തുടങ്ങാൻ ഇനിയും സമയം ഉണ്ട് അതുവരെ ഈ വീർപ്പുമുട്ടൽ അനുഭവിക്കേണ്ടല്ലോ,
"അസ്സലാമു... അലൈകും ..."
പിറകിൽ ആയിഷയുടെ സലാമും പിറകിലൂടെ ഉള്ള കെട്ടിപിടുത്തവും ഒരുമിച്ചായിരുന്നു,
നദീറ പതുക്കെ സലാം മടക്കി, കുതറാൻ ശ്രമിച്ചു,
"ഞാൻ കേട്ടില്ല "
"എന്റെ കുഴപ്പമല്ല ... ചെവി ഡേക്ടറെ കാണിക്ക്"
"എന്നോട് ദേഷ്യമാണോ... നദീറാ ?"
"നിനക്കല്ലേ... എന്നോട് ദേഷ്യം "
"സോറി... ഇന്നലെ ഞാൻ അങ്ങിനെ ഒന്നും പറയരുതായിരുന്നു"
നദീറ നെടുവീർപ്പിട്ടു ... മനസ്സിൽ കനത്ത കാർമേഘം നീങ്ങിയ പ്രതീതി
"സാരമില്ലടി നമ്മുക്ക് അങ്ങിനെ കൂടുതലൊന്നും പിണങ്ങി നിൽക്കാൻ കഴിയില്ലല്ലോ"
"അതെ നദീറ..., അതേയ്.... നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്, വാ.. മാവിൻ ചുവട്ടിലേക്ക് പോകാം" ഇരുവരും നടന്നു
മാവിൻ ചുവട്ടിൽ ആയിഷ മുഖം താഴ്ത്തി ഇരുന്നു, മുഖത്തു പുഞ്ചിരി മാഞ്ഞു ദുഃഖം നിറഞ്ഞിരിക്കുന്നു,
"നദീറാ... ഞാൻ ഇതുവരെ എന്റെ വീട്ടിലെ കാര്യങ്ങൾ ആരോടും പറഞ്ഞില്ല, എന്റെ അടുത്ത കൂട്ടുകാരി എന്ന നിലക്ക് നിന്നോട് പോലും"
"എന്തെ ആയിഷാ ? "
നദീറ അവളുടെ കണ്ണുകളിൽ നനവ് പടരുന്നത് കണ്ടു.
ആയിഷ വിദൂരതയിലേക്ക് നോക്കി തുടർന്നു...
"എന്റെ ഉപ്പ മരിക്കുന്നതു വരെ ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു കഴിഞ്ഞിരുന്നത്, ഉപ്പ നാട്ടിൽ വന്നാൽ തിരിച്ചു പോകുന്നത് വരെ ഞങ്ങൾക്ക് പെരുന്നാൾ പോലെ ആയിരുന്നു..
നാലു വർഷം മുൻപ് നാട്ടിലേക്കു വരാൻ മൂന്ന് ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഉപ്പ ഗൾഫിൽ വെച്ച് മരിക്കുന്നത്, ഉപ്പാടെ വരവിനു ദിവസങ്ങൾ എണ്ണി സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്ന ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത കാര്യമായിരുന്നു ഉപ്പാടെ മരണം
ആ മരണ വാർത്ത അറിഞ്ഞത് മുതൽ ഉമ്മ ഒരു വശം തളർന്നു കിടപ്പിലായി, ഉപ്പാടെ ചേതനയറ്റ ശരീരം നാട്ടിൽ കൊടുന്നപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന ഞാനും രണ്ടു അനിയത്തിമാരും പെട്ടിയിൽ കിടക്കുന്ന ഉപ്പാടെ ചാരത്തു നിന്ന് ഒരുപാടു കരഞ്ഞു , എല്ലാ പ്രാവശ്യവും നാട്ടിൽ വരുമ്പോൾ ഉള്ള കളിചിരികൾ എല്ലാം വളരെ പെട്ടന്നായിരുന്നു അവസാനിച്ചത്,
നദീറാടെ കണ്ണുകൾ നിറഞ്ഞു
ഉപ്പാടെ മരണശേഷം വീട്ടിലെ ചെലവുകൾക്ക് നന്നേ പ്രയാസപ്പെട്ടു, ഉമ്മാടെ ഉപ്പയാണ് അല്പമെങ്കിലും ആശ്വാസത്തിനായി ഉണ്ടായതു, വീട്ടിൽ ആൺകുട്ടികൾ ഒന്നും ഇല്ലാത്തതിനാൽ ജീവിച്ചു പോകണമെങ്കിൽ പഠിച്ചു എന്തെങ്കിലും ജോലി നോക്കണം അതുമാത്രമാണ് എന്റെ മനസ്സിൽ, അത് കൊണ്ടാണ് നീ ഇന്നലെ ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ ദേഷ്യപ്പെട്ടതു,
എന്റെ മനസ്സ് മറ്റു കാര്യങ്ങളിലേക്ക് പതറിപോയാൽ ദുരിതം അനുഭവിക്കുന്നത് ഞങ്ങളുടെ കുടുംബം മുഴുവനാണ്.
"ആയിഷാ എന്നോട് ക്ഷമിക്കണം... ഇഷ്ടം അറിയിക്കാൻ ഷമീർക്ക പറഞ്ഞു എന്നുള്ളു... ഒരിക്കലും ഷമീർക്ക നിന്നെ ശല്യം ചെയ്യില്ല അതുറപ്പാണ്, ഞാൻ വിവരങ്ങൾ പറഞ്ഞോളാം"
"വളരെ നന്ദി നദീറ, വാ പോകാം ബെല്ലടിക്കാറായി..."
ഇരുവരും കണ്ണുകൾ തുടച്ചു എഴുന്നേറ്റു
ആയിഷാടെ വീട്ടിലെ അവസ്ഥ അറിഞ്ഞപ്പോൾ നദീറാക്കു വല്ലാത്ത വിഷമമായി, ഉപ്പ മരിച്ചു എന്നറിയാം എന്നല്ലാതെ വീട്ടിലെ അവസ്ഥ ആയിഷ ആരോടും പറയാറുമില്ല, അടുത്ത കൂട്ടുകാരിയായ ഞാൻ പോലും അന്ന്വേഷിച്ചുമില്ല,
ഇന്റർവെൽ ആയപ്പോൾ അയിഷാക്ക് എഴുതി എടുക്കാനുള്ള നോട്സ് തീർക്കാൻ നദീറയും കൂടി സഹായിച്ചു
" നദീറാ.. എന്റെ മറുപടി അറിയാൻ അയാള് കാത്തിരിക്കുന്നുണ്ടാവില്ലേ ?"
"അവിടെ കാത്തിരിക്കട്ടെ ... ഉച്ചക്ക് കാണാം"
ഉച്ച ഭക്ഷണം കഴിഞ്ഞു നേരെ ശമീർക്കനെ കാണാൻ പോയി,
ഷമീർക്ക ക്ളാസിൽ തന്നെ ഇരിക്കുകയാണ്, നദീറ വരുന്നത് കണ്ടപ്പോൾ പുറത്തേക്കു വന്നു,
" എന്തെ ശമീർക്കനെ അങ്ങോട്ട് കണ്ടില്ല ?"
" ഒന്നുമില്ല... നീ എന്തെ വന്നത് ?"
" അത് ശരി എന്നെ ഒരുകാര്യം ഏല്പിച്ചിട്ടു, അത് മറന്നോ ?"
"മറന്നതല്ല നദീറ... നീ പുറത്തൊന്നും വരാത്തത് കണ്ടപ്പോൾ എനിക്ക് ഏകദേശം മനസ്സിലായി"
"എന്ത് മനസ്സിലായി ?
"അവൾക്കു എന്നെ ഇഷ്ടമല്ലന്നു, അത് പറയാനല്ല നീ ഇവിടെ വന്നത് ?"
" ഇഷ്ടമില്ലന്ന് മാത്രമല്ല... ഇനി അവളെ കാണാൻ ശ്രമിച്ചാൽ കാല് തല്ലി ഒടിക്കും "
" എന്ന് അവൾ പറഞ്ഞോ ?"
"ഞാൻ ചുമ്മാ പറഞ്ഞതാ, അവൾ ഇഷ്ടമാണെന്നോ ഇല്ലന്നോ ഒന്നും പറഞ്ഞില്ല "
"പിന്നെ?..."
ഷമീറിന് ആകാംഷയായി
നദീറ ആയിഷ പറഞ്ഞ കാര്യങ്ങൾ ഷമീറിനോട് പറഞ്ഞു,
"ഇക്കാര്യം ഒന്നും നിനക്ക് നേരത്തെ അറിയാമായിരുന്നില്ലേ... നദീറാ? നല്ല കൂട്ടുകാരി തന്നെ"
"ഇല്ല ഷമീർക്ക.. നിങ്ങളുടെ കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ഒന്ന് പിണങ്ങി, അതിന്നു ശേഷമാണു അവളുടെ കഥകൾ എല്ലാം എന്നോട് പറഞ്ഞത്"
"എന്തായാലും എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലന്ന് പറഞ്ഞേക്ക്.."
"ശരി ഷമീർക്ക, ഞാൻ പോകട്ടെ ... ബെല്ലടിക്കാരായി" നദീറ നടന്നു നീങ്ങി,
ആയിഷയുടെ വീട്ടിലെ കാര്യങ്ങൾ നദീറ ഉമ്മയോട് പറഞ്ഞു,
"ഗൃഹനാഥൻ പോയാൽ ആ കുടുംബം തകർന്നത് തന്നെ" ഉമ്മ ആത്മഗതം ചെയ്തു,
"നദീറാ.. നാളെ മുതൽ ഭക്ഷണം കഴിക്കുമ്പോൾ ആയിഷാക്കും ഷെയർ ചെയ്യണം കേട്ടോ ?"
"ശരി ഉമ്മാ"
പിറ്റേന്ന് മുതൽ നദീറടെ ഉമ്മ നദീറടെ ഭക്ഷണത്തോടപ്പം ആയിഷാക്കും എന്തെങ്കിലും കൂടുതൽ വെക്കാൻ തുടങ്ങി,
നിരാശ
തന്റെ മനസ്സിൽ കാത്തു സൂക്ഷിച്ചിരുന്ന പ്രണയം പാതിവഴിയിൽ ഉപേക്ഷിച്ചപോലെ ആയതിൽ ഷമീറിന് വലിയ നിരാശ തോന്നി,
'മിക്ക പ്രണയങ്ങളും ഇങ്ങിനെ ഒക്കെ ആയിരിക്കും
ഹും....'
ഷമീർ സ്വയം സമദാനിക്കാൻ ശ്രമിച്ചു, അടുത്ത ദിവസം മുതൽ ആയിഷനെ കാണാതിരിക്കാൻ ശ്രമിച്ചു, മറക്കണം മറന്നേ പറ്റൂ, ഞാൻ മൂലം ഒരു കുടുംബം വിഷമിക്കരുത്, ഷമീർ തീരുമാനിച്ചു ദിവസങ്ങൾ കടന്നു പോയി ..
ഒൻപതാം ക്ലാസ് വരെയുള്ളവരുടെ പരീക്ഷ കഴിയാറായി... അത് കഴിഞ്ഞിട്ടാണ് പത്താം ക്ളാസ്സുകാരുടെ SSLC പരീക്ഷ , അത് കഴിഞ്ഞാൽ ഈ കലാലയം വിടുകയായി, പിന്നെ ആയിഷനെ കാണാൻ സൗകര്യപ്പെടുകയില്ല, പോകുന്നതിനു മുൻപ് ആയിഷനെ നേരിൽ കാണണം, ഇനി ഒരിക്കലും കാണാൻ കഴിഞ്ഞില്ലങ്കിലോ... ഷമീർ നദീറാടു ആഗ്രഹം പറഞ്ഞു,
"ഞാൻ പറഞ്ഞു നോക്കാം ഷമീർക്ക... അവൾ സമ്മതിച്ചെങ്കിൽ വരും, ഇനി അവളോട് പിണങ്ങാൻ പറ്റുകയില്ല "
"മതി അവൾ സമ്മദിച്ചങ്കിൽ മാത്രം മതി "
ഷമീർ തിരിച്ചു പോയി
അവസാന പരീക്ഷയുടെ ചൂടും കഴിഞ്ഞപ്പോൾ നദീറ പറഞ്ഞു "ആയിഷ ... ഒരാളെ കാണണം... നിനക്ക് സമ്മതമാണക്കിൽ മാത്രം വന്നാൽ മതി"
"എന്താണ് പറയു നദീറ ?"
"ഷമീർക്ക ഈ എക്സമോട് കൂടി നമ്മുടെ സ്കൂൾ വിട്ടു പോവുകയാണ്, ഇന്ന് ആണെങ്കിൽ നമ്മുടെ പരീക്ഷയുടെ ലാസ്റ്റ് ദിവസവുമാണ്,"
"അത് കൊണ്ട് ?"
"അത് കൊണ്ട്, പോകുന്നതിനു മുൻപ് ആയിഷയെ കാണണം എന്ന് പറഞ്ഞു, സമ്മതമാണെങ്കിൽ മാത്രം"
"ഞാൻ എന്റെ കാര്യങ്ങൾ എല്ലാം നിന്നോട് പറഞ്ഞതല്ലേ... അയാൾക്കു എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും, ഞങ്ങൾ ഒരു പാവപെട്ട കുടുംബമാണ്"
" ആയിഷ ... ഷമീർക്ക ഒരിക്കലും ഇനി കാണാൻ പറ്റിയില്ലങ്കിലോ എന്ന് കരുതിയാണ്"
"കണ്ടില്ലെങ്കിൽ എന്താ... ശരി വാ, ഒരു കാര്യം നീ കൂടെ തന്നെ ഉണ്ടാവണം"
"തീർച്ചയായും.., വാ മൈതാനത്തെ മാവിൻ ചുവട്ടിൽ വരാനാണ് പറഞ്ഞത്"
ഇരുവരും മൈതാനത്തേക്ക് നടന്നു.... ഷമീർ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
പ്രാരാബ്ദം
ആയിഷ ആദ്യമായിട്ടാണ് ഷമീറിനെ കാണുന്നത്,
"അയിഷാ... ബുദ്ദിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം, ആയിശാനെ എനിക്കിഷ്ടമായിരുന്നു , ഇപ്പോഴും അങ്ങിനെ തന്നെ പക്ഷെ ആയിഷാടെ വീട്ടിലെ അവസ്ഥ നദീറ പറഞ്ഞപ്പോൾ അയിഷാടെ മനസ്സിൽ എന്റെ ഇഷ്ടത്തിന് അല്ല ഇപ്പോൾ പ്രാധാന്യം എന്ന് മനസ്സിലായി"
ഷമീർ ഒന്ന് ഒന്ന് നിർത്തി
"ആയിഷ നന്നായി പഠിച്ചു നല്ലൊരു ജോലി നേടണം, എന്റെ ഭാഗത്തു നിന്നു എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടായെങ്കിൽ ക്ഷമിക്കണം"
" ഏയ് ... ഒന്നുമില്ല, നിങ്ങളെ കാണുന്നത് തന്നെ ഇപ്പോഴാ... "
ആയിഷ തല താഴ്ത്തി പതുക്കെ പറഞ്ഞു,
"ഞാൻ ഒരു വർഷമായി ആയിഷനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് "
"ഒരു വർഷമോ ?, ഞാൻ അറിഞ്ഞതേ ഇല്ല "
ആയിഷ അത്ഭുദത്തോടെ നദീറടെ മുഖത്തു നോക്കി
"അത് അങ്ങിനെയാ... അയിഷാ ... ചില ആണുങ്ങൾ കുന്നോളം സ്നേഹമുണ്ടങ്കിലും അത് തുറന്നു പറയില്ല" നദീറ ഇടപെട്ടു
"നദീറ.. നീ ശ്രദ്ധിച്ചോ നിന്നെ ഏതെങ്കിലും വായിനോക്കി സ്നേഹിക്കുന്നുണ്ടാവും" ഷമീർ പറഞ്ഞു,
അത് കേട്ടപ്പോൾ ആയിഷാക്ക് ചിരി വന്നു
"എങ്കിലവന്റെ എല്ലു ഞാൻ സൂപ് വെക്കും" നദീറ ദേഷ്യപ്പെട്ടു,
"അയിഷാക്ക് എന്നോട് വെറുപ്പൊന്നും ഇല്ലന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു, അയിഷാക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം, നല്ലതു വരട്ടെ... ഇതു പറയാനാ കാണണം എന്ന് പറഞ്ഞത് "
ഷമീർ പറഞ്ഞു നിർത്തി
ആയിഷ മൗനം പാലിച്ചു
"ഷമീർക്ക... മറ്റന്നാൾ എക്സാം അല്ലെ, പഠിച്ചിട്ടുണ്ടോ?"
അനവസരത്തിൽ കാന്താരിടെ ചോദ്യം
"കുറെയൊക്കെ ... എന്നാൽ ശരി നിങ്ങൾ പൊയ്ക്കോളൂ"
ഷമീറും തിരിഞ്ഞു നടന്നു.
ദിവസങ്ങൾ... ആഴ്ചകളായി... മാസങ്ങളായി കടന്നു പോയി,
പത്താം ക്ലസ്സിന്റെ ഫലം വന്നു , പത്രത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഷമീറിന്റെ പേരും ! , നദീറയാണ് കണ്ടത്തിയത് , ഉടനെ ഷമീറിന്റെ വീട്ടിലേക്കു വിളിച്ചു.
" നേരാണോ... നദീറ ? ശരിക്കും നോക്കിക്കേ" ഷമീറിന്റെ ഉമ്മാക്ക് വിശ്വസിക്കാൻ പ്രയാസം
"അതെ മാമി, ഷമീർക്ക എവിടെ ?"
"അവൻ പുറത്തു പോയതാ വന്നാൽ പറയാം"
ജയിക്കുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ ഷമീർ പത്രം നോക്കാനോ, സ്കൂളിൽ പോകാനോ മെനക്കെട്ടില്ല, വീട്ടിൽ എത്തിയപ്പോൾ ഉമ്മാടേയും ഉപ്പാടെയും മുഖത്തു വലിയ സന്തോഷം
"ഞങ്ങളുടെ കണക്കൂട്ടലുകൾ തെറ്റിച്ചല്ലോ നീ ..."
ഉപ്പയുടെ ഗൗരവമുള്ള സ്വരം
ഷമീർ മനസ്സിലാവാതെ ഉമ്മാടെ മുഖത്തേക്ക് നോക്കി
"അറിഞ്ഞില്ലേ നീ പത്താം ക്ളാസ് ജയിച്ചു, പത്രത്തിൽ ഉണ്ട് "
എന്നും പഠനത്തെ കുറിച്ച് പരാതി പറയാറുള്ള ഉപ്പയും ഉമ്മയും തന്റെ വിജയം അറിയിച്ചപ്പോൾ ഷമീറിന് മനസ്സ് നിറഞ്ഞു,
"എന്താ അടുത്ത പരിപാടി ?" ഹസ്സനാജി ചോദിച്ചു,
"മാർക്ക് എത്ര ഉണ്ടന്ന് അറിയില്ല .. ഏതെങ്കിലും പാർലർ കോളേജിൽ ചേരണം"
"കൂടുതൽ പഠിപ്പിൽ ശ്രദ്ധ കൊടുക്കണം, ഇക്കാലത്തു പഠിപ്പു ഉണ്ടെങ്കിലെ നല്ല ജോലി കിട്ടു" ഹസ്സനാജി ഗൗരവം വിടാതെ പറഞ്ഞു.
അങ്ങിനെ രണ്ടുവർഷം കടന്നു പോയി, പ്രീഡിഗ്രി പൂർത്തിയാക്കി, ഡിഗ്രിക്ക് ചേർന്നു, ആ വര്ഷം SSLC ക്കു നദീറയും ആയിഷയും നല്ല മാർക്കോട് കൂടി പാസായി, ആയിഷാക്ക് ഡിസ്റ്റിങ്ഷൻ ഉണ്ട്, ഒരേ കോളേജിൽ തന്നെ പടിക്കണമെന്നാണ് രണ്ടു പേരുടെയും ആഗ്രഹം,
ഷമീർ ഇടക്കെല്ലാം നദീറാനെ വിളിച്ചു ആയിഷാടെ വിവരങ്ങൾ അന്ന്വേഷിക്കാറുണ്ട് അവളുടെ വീട്ടിലെ സ്ഥിതിഗതികളും, ഷമീറിന്റെ മനസ്സിൽ ആയിഷ എന്ന പെണ്കുട്ടിയോടുള്ള ഇഷ്ടത്തെക്കാൾ അഞ്ചു പേരടങ്ങുന്ന ഒരു നിർധനരായ ഒരു കുടുംബത്തെ കുറിച്ചുള്ള ചിന്തകളാണ് ഉണ്ടായിരുന്നത്.
ഡിഗ്രി കഴിഞ്ഞതോടു കൂടി ഷമീറിന് ഗൾഫിൽ പോകണമെന്ന ആഗ്രഹം ഉദിച്ചു, കൂടെ പഠിച്ചിരുന്ന പലരും നേരത്തെ തന്നെ ഗൾഫിൽ പോയി സമ്പാദിച്ചു തുടങ്ങി, ചിലരെല്ലാം കല്യാണവും കഴിഞ്ഞു, ഇനിയും നാട്ടിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഷമീറിന് തോന്നി,
ഷമീർ ഉപ്പയോട് വിവരം പറഞ്ഞു "നാട്ടിൽ തന്നെ എന്തെങ്കിലും നോക്കിയാൽ പോരെ ?" ഹസ്സനാജിക്ക് ഗൾഫിൽ പോകുന്നതിനോട് താല്പര്യം ഇല്ല, ഹസ്സനാജി ആൾ കണിശക്കാരനാണ്, അത് കൊണ്ട് ഷമീർ ഒന്നും മിണ്ടിയില്ല,
"അബ്ദുറഹ്മാൻ നാട്ടിൽ ഇല്ലേ, അവനെ ഫോണിൽ വിളിക്ക്"
ഷമീർ അമ്മായിയുടെ വീട്ടിലേക്കു വിളിച്ചു, നദീറയാണ് ഫോൺ എടുത്തത്
"ഉപ്പ എന്തെ നദീറ ?"
"ഇവിടെ ഉണ്ട് ... ഒരു മിനിറ്റ് " ഷമീർ ഫോൺ ഉപ്പാക്ക് കൈമാറി
" അസ്സലാമു അലൈകും"
"വാ അലൈകും സലാം ..." ഹസ്സനാജി സലാം മടക്കി
"ആ അളിയനോ.. എന്താണ് വിശേഷിച്ചു "
"ഷമീറിന് ഗൾഫിൽ പോകാൻ ഒരാഗ്രഹം, നീ ഒരു വിസിറ്റ് വിസ അയക്കുകയാണെകിൽ വന്നു ജോലി അന്ന്വേഷിക്കലോ"
"അതിനെന്താ... ഞാൻ ചെന്ന് ഉടനെ ശരിയാക്കി അയക്കാം"
ഷമീർ പോകാനുള്ള ഒരുക്കത്തിലായി, പാസ്പോര്ട്ട് എടുത്തു മാമാക്ക് കോപ്പി അയച്ചു കൊടുത്തു, വൈകാതെ തന്നെ വിസ റെഡിയാവുകയും ചെയ്തു, ഷമീർ അടുത്ത സുഹൃത്തുക്കളോടും കുടുംബങ്ങളോടും യാത്ര പറഞ്ഞു, പ്രവാസലോകത്തേക്കു പറന്നു,
കുറച്ചു നാളുകൾ മാമാടെ കൂടെ തന്നെ കഴിഞ്ഞു, പിന്നീട് ഒരു സ്ഥാപനത്തിൽ തരക്കേടില്ലാത്ത ജോലി കരസ്ഥമാക്കി
ഗൾഫിന്റെ വിസ്മയലോകത്തും തന്റെ നാടിന്റെ ഗ്രാമീണതയും പച്ചപ്പും മാത്രമായിരുന്നു ഷമീറിന്റെ മനസ്സിൽ, ഇടക്ക് ആയിഷ എന്ന ഗ്രാമീണ പെൺകുട്ടി മനസ്സിലേക്ക് കടന്നു വരും ഒപ്പം അവളുടെ വീട്ടിലെ അവസ്ഥകളും,
വന്നിട്ട് ആറു മാസമാകുന്നു, എന്താണ് ആയിഷയുടെ വിവരങ്ങൾ ഒന്നും അറിയില്ല, ഇടക്ക് അമ്മായിയുടെ വീട്ടിൽ വിളിച്ചെങ്കിലും നദീറനെ കിട്ടിയില്ല,
എന്തായാലും ഒന്ന് വിളിക്കാം,
ഷമീർ പുതിയ കാർഡ് വേടിച്ചു ബൂത്തിലേക്ക് നടന്നു...
"ഹാലോ ... അസ്സലാമു അലൈകും "
വ അലൈകും സലാം, മറുതലക്കൽ നദീറയാണ്
ആ ഷമീർക്കയോ ...? ശമീര്ക്കാ... സുഖമല്ലേ ?"
"അതെ നദീറ, സുഖമായിരിക്കുന്നു, എങ്ങിനെ പോകുന്നു പഠിത്തം ഒക്കെ?
എന്താണ് നിന്റെ കൂട്ടുകാരിയുടെ വിശേഷം ?
"ഒന്നും പറയേണ്ട ... ആകെ വിഷമത്തിലാണ്, അവര് വീട് വിറ്റു ഇവിടുന്നു പോവുകയാണ് "
" എന്ത് പറ്റി ?"
"അവർക്കു വീട്ടിലെ ചിലവും പഠന ചിലവും കാരണം വല്ലാത്ത ബുദ്ധിമുട്ടിൽ ആണ്, മാസം ചുരുങ്ങിയത് 4000 രൂപ ചെലവ് ആണ് "
"വല്ലാത്ത വിഷമം തന്നെ, എന്നിട്ടു എന്താണ് അവരുടെ പ്ലാൻ ?"
"അവരുടെ വീടും പറമ്പും വിറ്റിട്ട് പാലക്കാടു അവരുടെ ഒരു അകന്ന ബന്ധു ഉണ്ട് അവിടെ പോകാൻ ഇരിക്കുകയാണ്, സ്ഥലത്തിന് ഒരു ലക്ഷം എങ്കിലും കിട്ടിയാലേ അവരുടെ കാര്യങ്ങൾ നടക്കു",
"എന്നിട്ടു കച്ചോടം ആയോ ?",
"ആയിട്ടില്ല ഓരോരുത്തർ വന്നു നോക്കുന്നുണ്ട്"
"കച്ചവടം ആയാൽ ഇവിടുന്നു അവര് പോകുമായിരിക്കും ലെ , നിനക്ക് ഒരു ഫ്രണ്ടിനെ നഷ്ടമാകും അല്ലെ"
ഷമീർ തന്റെ വിഷമം മറച്ചു വെച്ച് കൊണ്ട് ചോദിച്ചു
"വെറും ഫ്രണ്ട് അല്ല , ഷമീർക്കാക്ക് അറിയാലോ"
"അവര് ഇവിടുന്നു പോകാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഷമീർക്കാ",
"എന്ത് ചെയ്യാനാ ... എത്ര കാലം വരെ ഇങ്ങിനെ പോകുമെന്ന് അറിയില്ലല്ലോ?,
"ആയിഷക്കു ഒരു ജോലി കിട്ടുന്നത് വരെ മതി",
"തത്കാലത്തേക്ക് എന്തെങ്കിലും ചെയ്യാൻ പറ്റോന്നു ഞാൻ നോക്കട്ടെ"
"ശരി ശമീര്ക്കാ... നന്ദി"
തന്റെ ബാല്യകാലസഖിയുടെ കുടുംബം വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പോകുന്നതതറിഞ്ഞപ്പോൾ ഷമീറിന് വലിയ മനപ്രയാസം തോന്നി, ഉപ്പ നാട്ടിലെ പ്രമാണിയാണ് പക്ഷെ മറ്റുള്ളവരെ സഹായിക്കുന്നത് ഇതുവരെ നേരിൽ കണ്ടിട്ടില്ല,
ഉപ്പാടെ പരുഷസ്വഭാവം കാരണം ആരും നേരിട്ട് സഹായം തേടി വരുന്നതും കണ്ടില്ല, എന്തായാലും വേണ്ടില്ല ഉപ്പാക്ക് കത്ത് എഴുതാം, ഉപ്പാടെ പൈസ വേണ്ട എന്റെ ശമ്പള പൈസ അയക്കാം ,
ഷമീർ വിവരങ്ങൾ എഴുതി കത്ത് പോസ്റ്റ് ചെയ്തു,
കത്ത് വായിച്ചപ്പോൾ ഹസ്സനാജിക്ക് ദേഷ്യമായി
"നിന്റെ മോന് നാലു പൈസ ഉണ്ടാക്കിയില്ല അപ്പോഴേക്കും നാട്ടുകാരെ നന്നാക്കാൻ പോവുകയായി"
ഹസ്സനാജി ഭാര്യയോടായി പറഞ്ഞു,
"നിന്റെ സ്വഭാവം തന്നെ ... എന്റെ തൂവാല എടുത്തേ എന്തായാലും അവൻ കൊടുക്കാൻ പറഞ്ഞതല്ല കൊടുത്തേച്ചു വരാം... വീട് നദീറക്കു അറിയാം എന്നാണ് എഴുതിയിട്ടുള്ളത്"
ഹസ്സനാജി കാറും എടുത്തു നദീറനെയും കൂട്ടി ആയിഷാടെ വീട്ടിലേക്കു പുറപ്പെട്ടു.
അയിഷാടെ വീട്ടിൽ പുറത്തു ആരെയും കാണുന്നില്ല, ഹസ്സനാജി കാർ റോട്ടിൽ തന്നെ പാർക്ക് ചെയ്തു.
സ്ഥല കച്ചവടം
"നീ പോയി കൊടുത്തിട്ടു വാ ഞാൻ വണ്ടിയിൽ തന്നെ ഇരിക്കാം, ആരാ തന്നതെന്നു പറയേണ്ട" ഹസ്സനാജി ചെക്ക് നദീറടെ കയ്യിൽ ഏല്പിച്ചു പറഞ്ഞു
നദീറ പോയി കാളിങ് ബെല്ല് അടിച്ചു, വാതിൽ തുറന്നതു ആയിഷയുടെ അനിയത്തി ആണ്,
"വാ വാ..., ദാ ആരാ വന്നതെന്ന് നോക്കിക്കേ"
അവൾ അകത്തേക്ക് നോക്കികൊണ്ട് കൊണ്ട് പറഞ്ഞു,
ഹസ്സനാജി വണ്ടിയിൽ അക്ഷമനായി ഇരുന്നു ,
ആ സമയത്താണ് ആയിഷയുടെ വെല്ലിപ്പ കുഞ്ഞലവിക്ക അത് വഴി എത്തിയത്
"അസ്സലാമു അലൈകും"
"വാ അലൈകും സലാം"
"ആരാ മനസ്സിലായില്ല ?"
"ഞാൻ ഈ വീട്ടിലേക്കു വന്നതാ, പെങ്ങളെ മകൾ അവളുടെ കൂട്ടുകാരിയെ കാണാൻ അങ്ങോട്ട് പോയിരിക്കുകയാണ്" ഹസ്സനാജി വണ്ടിയിൽ തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു,
"കയറിയിട്ട് പോകാം..., ഞാൻ കുഞ്ഞലവി ഇതു എന്റെ മോളെ വീടാണ് "
ഹസ്സനാജി മനസ്സില്ല മനസ്സോടെ കാറിൽ നിന്ന് ഇറങ്ങി
പണിതീരാത്ത വീടാണ്, അകത്തെ ദാരിദ്രം പുറത്തു കാണാം
"മൂത്ത മോള് നന്നായി പഠിക്കും... അവളിലാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ, ഇനി തുടർന്ന് പഠിക്കാൻ ഇവിടെ നിന്നാൽ പറ്റുകയില്ല, അത് കൊണ്ട്... "
കുഞ്ഞലവിക്ക അല്പം വിഷമത്തോടെ നിറുത്തി
"അത് കൊണ്ട് ?"
ഹസ്സനാജി കുഞ്ഞലവിക്കാടെ മുഖത്തു നോക്കി
"വീടും പറമ്പും വിൽക്കാൻ വേണ്ടി പോവുകയാണ് ... മരുമകൻ ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്, അത് പൂർത്തിയാക്കി കാണാൻ അവനു വിധിയുണ്ടായില്ല"
കുഞ്ഞലവിക്ക വിദൂരതയിലേക്ക് കണ്ണും നട്ടു പരിതപിച്ചു
"എത്രയാണ് സെന്റിന് ഉദ്ദേശിക്കുന്നത് ?"
"അടുത്ത സ്ഥലത്തിനെല്ലാം ഒന്നേക്കാൽ ഉണ്ട്, ഒരു ലക്ഷം എങ്കിലും കിട്ടണം, വീടും ഉണ്ടല്ലോ " കുഞ്ഞലവിക്ക പറഞ്ഞു
വീടിനു ഒന്നും കിട്ടില്ല... എത്ര സെന്റ് സ്ഥലം ഉണ്ട്
"എട്ടു സെന്റാണ് വീടിനും കൂടി ചേർത്ത് ഒരു പത്തു ലക്ഷം എങ്കിലും കിട്ടണം എങ്കിലേ ഞങ്ങളുടെ കാര്യങ്ങൾ നടക്കുകയൊള്ളു "
"നടക്കില്ല...
എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല, ഏക്കർ കണക്കിന് സ്ഥലം എനിക്ക് ഉണ്ട്, ലാഭത്തിനല്ലാത്ത ഒരു കച്ചവടത്തിന് ഹസ്സൻ നിൽക്കില്ല" ഹസ്സനാജി പോകാൻ എഴുന്നേറ്റു
"നിങ്ങള്ക്ക് അറിയാലോ... ഞങ്ങൾക്ക് ഇതു ബാങ്കിൽ ഇടാനല്ല, ഇതു കൊണ്ട് വേണം വേറെ വീട് നോക്കാനും കുട്ടികളെ പഠിപ്പിക്കാനും" കുഞ്ഞലവിക്ക നിസ്സഹായത അറിയിച്ചു,
"നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ ... ഞാൻ സ്ഥലം വെടിക്കാൻ വന്നതല്ല"
ഹസ്സനാജി മുറ്റത്തേക്ക് ഇറങ്ങി
"ഒരു ഒൻപതു ലക്ഷമെങ്കിലും കിട്ടുമെങ്കിൽ കൊടുക്കും" കുഞ്ഞലവിക്ക തീർത്തു പറഞ്ഞു
"കൂടുതലാ ... ഞാൻ ഒന്ന് ആലോചിക്കട്ടെ, ഒന്നാമത് ഞാൻ സ്ഥലം വെടിക്കാൻ വന്നതല്ല, കൊടുക്കുന്നെന്നു പറഞ്ഞപ്പോൾ ചോദിച്ചതാ, നദീറാ... വാ പോകാം"
ഹസ്സനാജി കാറിൽ കേറി ഇരുന്നു
നദീറ തിടുക്കത്തിൽ വന്നു കാറിൽ കേറി,
------------------------
"എട്ടു ലക്ഷത്തിനാണെകിൽ അങ്ങേരു എടുക്കും"
കുഞ്ഞലവിക്ക വീട്ടുകാരോടായി പറഞ്ഞു നെടുവീർപ്പിട്ടു
"എത്ര കാലമായി നമ്മൾ ഇതു വിൽക്കാൻ ഉദ്ദേശിക്കുന്നത്, ഇതെങ്കിലും നടക്കട്ടെ ..." ആയിഷയുടെ ഉമ്മ പറഞ്ഞു
"രണ്ടു ദിവസം കൂടി കാത്തു നോക്കാം, ആരും വന്നില്ലെങ്കിൽ പോയി പറയാം... അയിഷാക്ക് അവരെ വീട് അറിയാമോ ?"
"നദീറടെ വീട് അറിയാം... ചെറുപ്പത്തിൽ അവിടെ കളിക്കാൻ പോയിട്ടുണ്ട്,
ദാ... ഈ കവറു നദീറ തന്നതാ.." ആയിഷ കവറു വെല്ലിപ്പടെ കയ്യിൽ കൊടുത്തു
" പതിനായിരത്തിന്റെ ചെക്കണല്ലോ ...?" കുഞ്ഞലവിക്ക കവറു തുറന്നു നോക്കി സന്തോഷത്തോടെ പറഞ്ഞു
"ആരാ തന്നത് എന്ന് പറഞ്ഞില്ല അവളുടെ വീട്ടിൽ നിന്ന് തന്നെ ആയിരിക്കും ,
ഒരു കാര്യം അവൾ നിർബന്ധിച്ചു, ഇവിടുന്നു പോകരുതെന്ന്" ആയിഷ പറഞ്ഞു
"പോകണമെന്ന ആഗ്രഹം ഉണ്ടായിട്ടല്ലല്ലോ മോളെ...വേറെ നിവർത്തി ഇല്ലല്ലോ ?"
സ്ഥല കച്ചോടത്തിനായി രണ്ടു ദിവസവും ആരും വന്നില്ല, കുഞ്ഞലവിക്ക അന്യഷിച്ചു ഹസ്സനാജിയെ കണ്ടു
"എന്തെ കാർന്നോരെ... ഞാൻ പറഞ്ഞ തുകക്ക് സമ്മദിച്ചോ ?"
"പൈസ അത്യാവശ്യം ആണ് , അതുകൊണ്ടു 8 ലക്ഷം ആയാലും വേണ്ടില്ല"
"എന്നാൽ ശരി കാർണോരു നടക്ക്... ഞാൻ അഡാൻസുമായി നാളെ വരാം "
-------------------------
ആയിഷ കോളേജിൽ പോകാനിറങ്ങിയപ്പോഴാണ് റോട്ടിൽ ഒരു കാറു വന്നു നിന്നത്, വണ്ടിയിൽ നിന്ന് ആജാനുബാഹുവായ ഒരാൾ ഇറങ്ങി വീട്ടിലേക്കു വരുന്നത്, അയാളുടെ ഗൗരവത്തിലുള്ള നോട്ടം ആയിഷക്കു തീരെ പിടിച്ചില്ല സ്ഥല കച്ചവടത്തിന് വരുമെന്ന് പറഞ്ഞ ആളായിരിക്കും,
ആയിഷ പുറത്തേക്കു ഇറങ്ങി... താൻ കളിച്ചു വളർന്ന വീടും പരിസരവും വിട്ടു പോകേണ്ടി വരുന്നു എന്നറിഞ്ഞത് മുതൽ ആയിഷക്കു സങ്കടമാണ്, ഉപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു .. ആയിഷ കണ്ണീർ തുടച്ചു,
" അസ്സലാമു അലൈകും" ഹസ്സനാജി സലാം പറഞ്ഞു
കുഞ്ഞലവിക്ക സലാം മടക്കി കൊണ്ട് കസേര നീക്കിയിട്ടു കൊടുത്തു,
"എനിക്ക് സ്ഥലത്തിന് ആവശ്യം ഉണ്ടായിട്ടല്ല: ഹസ്സനാജി വീണ്ടും ആവർത്തിച്ചു,
"ഇപ്പോൾ അമ്പതിനായിരം തരാം, ബാക്കി പൈസയും രജിസ്റ്ററും ആറു മാസം കഴിഞ്ഞിട്ട് , ഇനി ആറു മാസത്തിനുള്ളിൽ മൊത്തം പൈസ ആയിട്ടില്ലങ്കിൽ അമ്പതിനായിരം തരും ബാക്കി ഒന്നിച്ചു, എന്താ സമ്മദിച്ചോ കാർന്നോരെ... ? "
"ശരി അങ്ങിനെ ആയിക്കോട്ടെ" കുഞ്ഞലവിക്ക സമ്മതിച്ചു
"ദാ കാര്യങ്ങൾ എല്ലാം ഇതിൽ എഴുതിയിട്ടുണ്ട് ... ഒപ്പു ഇടണം"
കുഞ്ഞലവിക്ക ഒപ്പിട്ടു കൊടുത്തു
"ശരി ഞാൻ ഇറങ്ങുന്നു ...."
"ചായ കുടിച്ചു പോകാം" കുഞ്ഞലവിക്ക ക്ഷണിച്ചു
"ഇല്ല പോയിട്ട് കുറെ കാര്യങ്ങൾ ഉണ്ട് "
ബാക്കിപത്രം
ഷമീർ ഗൾഫിൽ എത്തിയിട്ട് ഒരു വര്ഷം തികഞ്ഞു, നാട്ടിൽ പോകാൻ വല്ലാത്ത ആഗ്രഹം, കമ്പനിയിൽ ഒരു മാസത്തെ ലീവിന് എഴുതി കൊടുത്തു, അത് അപ്രൂവ് ആവുകയും ചെയ്തു, അങ്ങിനെ ഒരു വർഷത്തിന് ശേഷം ജന്മ നാട്ടിലേക്കു...
നാട്ടിൽ വന്നിട്ട് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല, കല്യാണ കാര്യം ആരും പറഞ്ഞുമില്ല, എന്തായാലും നാട്ടിലുള്ള സുഹൃത്തുക്കളുമായി ഒന്ന് കറങ്ങി നടക്കാം,
കറങ്ങി നടന്നു ദിവസങ്ങളും വേഗം തീർന്നു, ഗൾഫിലേക്ക് തിരിച്ചു പോകാൻ ഇനി നാലു ദിവസം മാത്രം ആയപ്പോൾ ഷമീറിന് ആയിഷയെ കാണാൻ വലിയ ആഗ്രഹം തോന്നി, അവര് നാട്ടിൽ തന്നെ ഉണ്ടന്നാണ് നദീറ പറഞ്ഞത്,
ഷമീർ ബൈക്കുമായി ഇറങ്ങി, പ്രതീക്ഷ തെറ്റിയില്ല രണ്ടുപേരും കേളേജ് വിട്ടു വടക്കേക്കാട് നിന്ന് നടന്നു വരുന്നുണ്ട് ,
"ദേ ... നിന്റെ പഴയ കാമുകൻ വരുന്നുണ്ട് "
ഷമീറിനെ ദൂരേന്നു കണ്ടതും നദീറ പറഞ്ഞു
"നദീറ... നിന്നെ ഞാൻ... മിണ്ടാതിരുന്നോ"
ആയിഷ നല്ലൊരു നുള്ളു കൊടുത്തു,
ഷമീർ ബൈക്ക് സൈഡിൽ നിറുത്തി
"ഷമീർക്ക തിരിച്ചു ഗൾഫിൽ പോയില്ലേ...? ഹും കറങ്ങി നടക്കുകയാണല്ലെ?"
കാന്താരിയുടെ കുറുമ്പിനു ഒട്ടും കുറവില്ല
"ഇല്ല... പോകാനായി... പോകുന്നതിനു മുൻപ് രണ്ടാളെയും കാണണമെന്ന് തോന്നി അതാ നിറുത്തിയത്" ഷമീർ തുറന്നു പറഞ്ഞു
"എന്നെ കഴിഞ്ഞ ആഴ്ചയല്ലേ കണ്ടത് " കാന്താരി വീണ്ടും
"നിന്നെ ആർക്കു കാണണം, ആയിഷാ എന്താണ് വിശേഷങ്ങൾ" ഷമീർ വിട്ടു കൊടുത്തില്ല
"സുഖമാണ്" ആയിഷ ഒറ്റവാക്കിൽ ഒതുക്കി
" മോനെ ഇത് പൊതു വഴിയാണ്... ബാക്കി വിവരങ്ങൾക്ക് ഞാൻ വിശദമായി കത്തെഴുതാം" നദീറ തിരക്ക് കൂട്ടി
"ശരി പൊയ്ക്കോളൂ ഒന്ന് കാണണം എന്ന് തോന്നി അത്രയേ ഉള്ളു.." ഷമീർ വണ്ടി സ്റ്റാർട് ചെയ്തു.
-------------------------
ഹസ്സനാജി ഓരോ ആറുമാസം കൂടുമ്പോഴും മൊത്തം പൈസ എടുക്കാതെ അമ്പതിനായിരം വീതം കൊടുത്തു കൊണ്ടിരുന്നു, അങ്ങിനെ രണ്ടു പ്രാവശ്യം കടന്നു പോയി, മൂന്നാം തവണ പോകുമ്പോൾ ഹസ്സനാജിയുടെ കൂടെ ഭാര്യയും നദീറയും ഉണ്ടായിരുന്നു
പതിവില്ലാതെ വേറെയും ആളുകളെ കണ്ടപ്പോൾ കുഞ്ഞലവിക്ക അമ്പരന്നു, 'ചിലപ്പോൾ വാങ്ങാൻ പോകുന്ന വീടും സ്ഥലവും കാണാൻ വന്നതായിരിക്കും' കുഞ്ഞലവിക്ക മനസ്സിൽ കരുതി
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ കുഞ്ഞലവിക്കാ..."
"സുഖം തന്നെ ... നിങ്ങള് കുറച്ചു കുറച്ചു ആയി പൈസ തന്നാൽ നമ്മുടെ ആവശ്യം നടക്കില്ല, കിട്ടുന്ന പൈസ ചെലവായി പോവുകയും ചെയ്യും "
കുഞ്ഞലവിക്കാ പരാതിപറഞ്ഞു.
"അതൊക്കെ നമ്മുക്ക് ശരിയാക്കാം ... സംസാരിക്കാം"
ഹസ്സനാജിയുടെ പതിവില്ലാത്ത സ്നേഹത്തിൽ കുഞ്ഞലവിക്ക അത്ഭുതപ്പെട്ടു, ഒപ്പം ആശങ്കയും,
അകത്തു ആയിഷയുടെ കുടുംബം വന്നവരെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു, നേരത്തെ അറിയാത്തതു കൊണ്ട് ഉള്ളത് കൊണ്ടൊക്കെ ഒപ്പിച്ചു കൊടുത്തു
ചായകുടി കഴിഞ്ഞപ്പോൾ ഹസ്സനാജി കുഞ്ഞലവിക്കാട് വീട്ടിലെ എല്ലാവരെയും വിളിക്കാൻ പറഞ്ഞു
കാര്യം എന്തെന്നറിയാതെ ആയിഷയുടെ കുടുംബം ഡൈനിങ്ങ് ഹാളിലേക്ക് വന്നു
"ഞാൻ ആദ്യമായി നദീറാനെ കൂട്ടി വന്നത് ഓർക്കുന്നുണ്ടോ ?"
ഹസ്സനാജി കുഞ്ഞലവിക്കാട് ചോദിച്ചു
കുഞ്ഞലവിക്ക ഉണ്ടന്ന് തലയാട്ടി
"അന്ന് നദീറ ഇവിടെ തന്ന ചെക്ക് എന്റെ മകൻ ഷമീർ കൊടുക്കാൻ പറഞ്ഞു തന്നതാണ് "
ആയിഷ നദീറയെ പാളി നോക്കി , നദീറ പതിയെ തലയാട്ടി സമ്മതിച്ചു
"ഒരു കുടുംബം പ്രയാസത്തിലാണന്നറിഞ്ഞു അവർക്കു തന്റെ ശമ്പളത്തിൽ നിന്ന് ഒരു തുക നൽകിയ എന്റെ മകനോട് എനിക്ക് ആദ്യമായി വലിയ മതിപ്പു തോന്നി, പാവങ്ങൾക്ക് നേരെ എന്റെ കണ്ണ് തുറപ്പിച്ചത് അവനാണ് ,
അത് കൊണ്ട് ബാക്കി സഹായം എന്റേതായിക്കോട്ടെ എന്ന് ഞാനും കരുതി, അതാണ് കഴിഞ്ഞ മൂന്ന് തവണയായി ഇവിടെ തന്ന തുക അത്രയും"
കുഞ്ഞലവിക്ക അമ്പരപ്പോടെ ഹസ്സനാജിയെ നോക്കി,
"നേരാണോ നിങ്ങൾ പറയുന്നത് "
"ഹസ്സൻ കള്ളം പറയാറില്ല ... അത് കൊണ്ട് നിങ്ങളും കുടുംബവും ഇനി എവിടേക്കും പോകേണ്ട ഞാൻ തന്ന പൈസ കൊണ്ട് വീടുപണി ബാക്കിയുള്ളത് കൂടി തീർത്തോളൂ, തന്ന ഒന്നര ലക്ഷവും നിങ്ങൾക്കുള്ള എന്റെ സഹായമാണ് "
കുഞ്ഞലവിക്കടെ മനസ്സ് നിറഞ്ഞു കണ്ണും,
"പ്രധാനപ്പെട്ട മറ്റൊരു കാര്യം ..."
എല്ലാവരും വിസ്മയത്തോടെ ഹസ്സനാജിയെ തന്നെ നോക്കി നിന്നു,
"എന്റെ മകൻ ഒരു പെൺകുട്ടിയുടെ വീട്ടുകാരെ സഹായിക്കണമെങ്കിൽ അവൻക്കു ആ കൂട്ടിയോടു എന്തെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടാവും എന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു,
ഞാൻ ഓരോ തവണ വരുമ്പോഴും ആയിഷ മോളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, സാമ്പത്തികം ഇല്ലെന്നുള്ള ഒരു കുറവെ ഞാൻ കണ്ടിട്ടുള്ളു, ഇപ്പോൾ ഞങ്ങൾക്കതു ഒരു കുറവും അല്ല "
"നിങ്ങൾ പറഞ്ഞു വരുന്നത് ?"
കുഞ്ഞലവിക്ക ഒന്നും വിശ്വസിക്കാനാവാതെ ചോദിച്ചു,
"അതെ....
ഞങ്ങളുടെ മകൻ ഷമീറിനെ കൊണ്ട് നിങ്ങളുടെ ആയിഷയെ നിക്കാഹ് കഴിപ്പിക്കാൻ ആഗ്രഹിക്കുന്നു... മോൾക്ക് സമ്മതം ആണെങ്കിൽ "
ആയിഷാടെ മുഖം വല്ലാതെയായി അവൾ വേഗം റൂമിലേക്ക് പോയി, നദീറ ആയിഷയെ പിന്തുടർന്നു..
"ഇതു ശരിയാവില്ല നദീറാ... വലിയ വീട്ടിൽ കയറി ചെല്ലാനുള്ള വകയൊന്നും ഞങ്ങൾക്കില്ല"
"പണവും പത്രാസും നോക്കിയല്ല അവര് അവർക്കു നിന്നെ ഇഷ്ടപ്പെട്ടു, കഴിഞ്ഞ ആഴ്ച അവര് എന്റെ വീട്ടിൽ വന്നിരുന്നു, നിന്നെ കുറിച്ച് അന്ന്വേഷിക്കാൻ, ഷമീർക്ക നിന്നെ സ്നേഹിച്ചിരുന്ന വിവരവും ഞാൻ പറഞ്ഞു"
" അതൊക്കെ ശരിയാണ് എന്നാലും എനിക്കെന്തോ ഒരു വല്ലായ്മ"
"നിനക്ക് ഷമീർക്കാനേ ഇഷ്ടമില്ല ?"
"ഇഷ്ടമില്ലതല്ല ... അർഹിക്കാത്ത ഒരു ബന്ധം പോലെ "
"നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ ... അത് മതി ഞാൻ സമ്മതമാണെന്നു പറയാൻ പോവുകയാണ്"
"നദീറാ നില്ല്... വരട്ടെ"
നദീറ നിന്നില്ല, ഹാളിൽ എല്ലാവരും ആകാംഷയോടെ ഇരിക്കുന്നു,
"എന്താ മോളെ ആയിഷാക്ക് എന്തെങ്കിലും എതിർപ്പ് ?" ഹസ്സനാജി ചോദിച്ചു
"ഏയ് ... ഒന്നുമില്ല പെട്ടന്ന് കേട്ടപ്പോഴുള്ള ഷോക്ക്"
"ഇന്ഷാ അല്ലാഹ്... ഷമീറിനോട് ഞങ്ങൾ ഈ വിവരം പറഞ്ഞിട്ടില്ല, ആയിഷ മോളുടെ സമ്മതം അറിഞ്ഞിട്ടു പറയാമെന്നു കരുതി"
"നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടോ ?" കുഞ്ഞലവിക്കാട് ഹസ്സനാജി ചോദിച്ചു
കുഞ്ഞലവിക്കയാണങ്കിൽ താൻ കാണുന്നത് സ്വപ്നമാണോ അല്ലയോ എന്ന സംശയത്തിലാണ്
"എന്താ ഞാൻ പറയാ... നിങ്ങൾ കരുതുന്ന സ്ത്രീ ധനമൊന്നും ഞങ്ങൾക്ക് താരനുണ്ടാവില്ല" കുഞ്ഞലവിക്ക സമനില വീണ്ടെടുത്ത് പറഞ്ഞു
"അതിന്നു നിങ്ങളോടു ആരാ സ്ത്രീ ധനം ചോദിച്ചത്, അതെല്ലാം നമ്മുടെ സമൂഹം ഉണ്ടാക്കുന്ന ആചാരങ്ങൾ അല്ലെ? റസൂൽ പഠിപ്പിച്ചത് അല്ലല്ലോ"
"എന്നാലും ... പിന്നെ ആകെ ഉള്ളത് അവൾക്കു വിദ്യാഭ്യാസം ഉണ്ട്, അത് കൊണ്ട് തന്നെ ഒരു സ്കൂളിൽ ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയും ഉണ്ട് "
"മോൾക്ക് ജോലിക്കു പോകണം എന്നുണ്ടങ്കിൽ പോയിക്കോട്ടെ... അതിൽ നിന്ന് കിട്ടുന്നത് ഞങ്ങൾക്ക് വേണ്ട, അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ് "
"എല്ലാം എന്റെ മോളുടെ ഭാഗ്യമായി ഞങ്ങൾ കരുതുന്നു" കുഞ്ഞലവിക്ക കണ്ണ് തുടച്ചു പറഞ്ഞു,
ആയിഷാടെ ഉമ്മ, ഭർത്താവ് മരിച്ചത് മുതൽ സന്തോഷം അവർക്കു ഉണ്ടായിട്ടില്ല, ഉള്ളത് വിറ്റു പൊറുക്കി ഇവിടുന്നു പോകാൻ നിൽക്കുകയായിരുന്നു,
അപ്പോഴാണ് അപ്രതീക്ഷിതമായി സൗഭാഗ്യം വന്നു ചേർന്നത്, അത് കൊണ്ട് തന്നെ സന്തോഷം കൊണ്ട് ഒന്നും മിണ്ടാനാവാതെ ഇരിക്കുകയാണ്,
"ഞാൻ ആദ്യമൊക്കെ നിങ്ങളോടു പൗരുഷമായി പെരുമാറി കുഞ്ഞലവിക്ക എന്നോട് ക്ഷമിക്കണം "ഹസ്സനാജി കുഞ്ഞലവിക്കയുടെ കൈ പിടിച്ചു പറഞ്ഞു
"അതൊന്നും സാരമില്ലന്നേയ് ... സ്ഥല കച്ചവടത്തിന് വരുന്നവർ അങ്ങിനെ ഒക്കെ അല്ലെ"
"അപ്പൊ ആറു മാസം കഴിഞ്ഞാൽ ഷമീർ വരും അപ്പോൾ നമ്മുക്ക് ഈ നിക്കാഹ് അങ്ങ് നടത്താം, അല്ലെ?"
ഇന്ഷാ അല്ലാഹ് ... (അള്ളാഹു അനുഗ്രഹിച്ചാൽ)
അങ്ങിനെ... ഒരു മംഗള മുഹർത്തതിന് നാന്ദി കുറിച്ച് അവർ യാത്രയായി...
---------------------
ബാക്കിപത്രം:
"ഉപ്പച്ചി... ഉപ്പച്ചിക്ക് നല്ല നിറമുള്ള പെണ്ണിനെ നോക്കാമായിരുന്നില്ലേ? "
കഥയെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഷമീറിന്റെ മടിയിൽ തലചായ്ച്ചു മൂത്തമകൾ ഷൈമ ചോദിച്ചു
ചോദ്യം ആയിഷക്കു അത്ര പിടിച്ചില്ല "അതെന്താ അങ്ങിനെ ചോദിച്ചത് ?"
"അത് കൊണ്ടല്ലേ ഞാനും ഇരു നിറമായി പോയത്" ഷൈമ തല താഴ്ത്തി വിഷമത്തോടെ പറഞ്ഞു
അത് കേട്ട് എല്ലാവരും ചിരിച്ചു
ഒരു ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം പോലെ....
---------------------
സിദ്ധിഖ് എ പി
(whatsapp)
https://www.facebook.com/Thoolikayillode

Very good
മറുപടിഇല്ലാതാക്കൂThank you...
മറുപടിഇല്ലാതാക്കൂGood!!!
മറുപടിഇല്ലാതാക്കൂപഴകാല സ്കൂൾ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു പോയി വളരെ നന്നായിട്ടുണ്ട് ഇനിയും എഴുതണം ദൈവം അനുഗ്രഹിക്കട്ടെ
മറുപടിഇല്ലാതാക്കൂNannaayind. School life orma vannu
മറുപടിഇല്ലാതാക്കൂThanks 🌹
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂഅടിപൊളി 🌹
മറുപടിഇല്ലാതാക്കൂ❤❤❤
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ