ശിശുദിന ചിന്തകൾ 🌹
"എനിക്ക് മുതിർന്നവർക്കായി ചെലവാക്കാൻ സമയമില്ലായിരിക്കാം, പക്ഷേ എനിക്ക് കുട്ടികൾക്കായി വേണ്ടത്ര സമയമുണ്ട്." ചാച്ചാജി ഒരിക്കൽ പറയുകയുണ്ടായി, കുഞ്ഞുങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഇഷ്ടം വിഖ്യാതമാണ്. അത് കൊണ്ടാണ് നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനം ആയി ആഘോഷിക്കുന്നത്.
ഇന്ത്യയുടെ ആത്മാവിനെ കണ്ടെടുക്കേണ്ടവരാണ് കുട്ടികളെന്ന് അദ്ദേഹം കണ്ടു. ആ നിലയിൽ അദ്ദേഹം അവരോട് സംസാരിച്ചു, കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം, രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.
ശിശുദിനം കുട്ടികൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരു ആചരണം മാത്രമല്ല. ലോകമെമ്പാടുമുള്ള ദുരുപയോഗം, ചൂഷണം, വിവേചനം എന്നിവയുടെ രൂപങ്ങളിൽ അക്രമം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളിൽ മാനവികത വളർത്താൻ മാതാ പിതാക്കളും അധ്യാപികരും പ്രേരണ നൽകേണ്ടതുണ്ട്, കാരണം നാളത്തെ ഉത്തമ സമൂഹമായി തീരേണ്ടതിനു സത്യവും നീതിയും കാരുണ്യവും സഹായ മനസ്കതയും എല്ലാം പുതു തലമുറയിൽ അങ്കുരിക്കേണ്ടതുണ്ട്
നിലവിൽ, 5 മുതൽ 14 വയസ്സുവരെയുള്ള 153 മില്യൺ കുട്ടികൾ അടിമത്വം, വേശ്യാവൃത്തി എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ബാലവേലകൾക്കും ചൂഷണങ്ങൾക്കും നിർബന്ധിതരാകുന്നുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1999ൽ ബാലവേല നിരോധിച്ചിരുന്നു.
ഭവനരഹിതരാകുക, അല്ലെങ്കിൽ ജാതി മത വിവേചനങ്ങൾ അനുഭവിക്കേണ്ടി വരിക, വൈകല്യങ്ങൾ കാരണമുള്ള മാറ്റി നിർത്തലുകൾ ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാൽ നിരവധി കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്
കുട്ടികളുടെ ക്ഷേമത്തിനായുള്ള യുഎന്നിന്റെ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിനം ആചരിക്കാനാണ് മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിച്ചത്. 1959ൽ കുട്ടികളുടെ അവകാശ പ്രഖ്യാപനവും 1989 നവംബർ 20-ന് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനും യുഎൻ സംഘടിപ്പിച്ചിരുന്നു.
ഓരോ കുട്ടിക്കും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്. കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഓരോരോ സംസ്ഥാനത്തിനാണ്. വിവേചനരഹിതമായ എല്ലാ അവകാശങ്ങളും കുട്ടിക്ക് ബാധകമായിരിക്കും. ഏത് തരത്തിലുള്ള വിവേചനത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നത് എല്ലാ ഭരണാധികാരികളുടെയും ധാര്‍മിക ഉത്തരവാദിത്തമാണ്.
നന്മ നിറഞ്ഞ തലമുറക്കായി ചിന്തിക്കാം... കുഞ്ഞുങ്ങളെ വാർത്തെടുക്കാം
ശിശുദിനാശംസകൾ 🌹
✍🏼 സിദ്ധിഖ് എ പി
കുഴിങ്ങര

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ